ഫുട്ബോളിൻ്റെ മിശിഹ എത്തിയതിന് പിന്നാലെ കൊൽക്കത്തയിൽ ശരിക്കും സംഭവിച്ചത് എന്ത് ? | Messi

കായിക മാമാങ്കം രാഷ്ട്രീയ ഇവൻ്റായി മാറി
ഫുട്ബോളിൻ്റെ മിശിഹ എത്തിയതിന് പിന്നാലെ കൊൽക്കത്തയിൽ ശരിക്കും സംഭവിച്ചത് എന്ത് ? | Messi
Updated on

കൊൽക്കത്ത: ചരിത്രമുറങ്ങുന്ന സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഫുട്ബോളിൻ്റെ മിശിഹ ലയണൽ മെസി വന്നത് ആരാധകരെ ആവേശത്തിലാഴ്ത്തി. എന്നാൽ, മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് ശേഷം കേവലം 22 മിനിറ്റ് കൊണ്ട് മെസി മടങ്ങിയത് ആരാധകരെ രോഷാകുലരാക്കി. നിരാശരായ കാണികൾ സ്റ്റേഡിയം തകർത്തെറിഞ്ഞാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. 'ഗോട്ട് ഇന്ത്യ ടൂർ 2025'ൻ്റെ ഭാഗമായി കൊൽക്കത്തയിൽ യഥാർത്ഥത്തിൽ സംഭവിച്ചതെന്താണ്? (What really happened in Kolkata after Messi arrived?)

ലയണൽ മെസി, ലൂയിസ് സുവാരസ്, ഡി പോൾ എന്നിവരടങ്ങിയ സംഘം ഗോട്ട് ഇന്ത്യ ടൂറിനായി ഡിസംബർ 13ന് പുലർച്ചെ 2:30 ഓടെ കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി എന്നീ നാല് നഗരങ്ങളാണ് പര്യടനത്തിനായി തിരഞ്ഞെടുത്തിരുന്നത്.

മെസിയുടെ വാഹനവ്യൂഹത്തെ കാണാൻ റോഡിൻ്റെ ഇരുവശവും നിയന്ത്രണാതീതമായി ആരാധകർ തിങ്ങിനിറഞ്ഞു. 4,000 രൂപ മുതൽ 18,000 രൂപ വരെ ടിക്കറ്റിനായി നൽകിയാണ് അരലക്ഷത്തോളം വരുന്ന ആരാധകർ സ്റ്റേഡിയത്തിലെത്തിയത്. 70 അടി ഉയരമുള്ള സ്വന്തം പ്രതിമ വെർച്വലായി ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു സ്റ്റേഡിയത്തിലെ പരിപാടി.

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി, ബോളിവുഡ് താരം ഷാരൂഖ് ഖാൻ എന്നിവർക്കൊപ്പം മെസിയെ കാണാമെന്നായിരുന്നു ആരാധകർക്ക് നൽകിയിരുന്ന വാഗ്ദാനം. എന്നാൽ, 11:30 ഓടെ മെസി എത്തിയപ്പോൾ ഒപ്പമുണ്ടായിരുന്നത് ബംഗാൾ കായിക മന്ത്രി അരൂപ് ബിസ്വാസ്, മോഹൻ ബഗാൻ പ്രസിഡൻ്റ് ദേബാശിഷ് ദത്ത, ജനറൽ സെക്രട്ടറി ശ്രീൻജോയ് ബിസ്വാസ് എന്നിവർ മാത്രമായിരുന്നു. ആരാധകരുമായി സംവദിക്കുകയും സ്റ്റേഡിയത്തിന് വലംവെക്കുകയും ചെയ്യേണ്ട മെസി പിന്നീട് അതിവേഗം 'ഹൈജാക്ക്' ചെയ്യപ്പെട്ടു. രാഷ്ട്രീയ നേതാക്കളും സിനിമാതാരങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും മെസിയെ വളഞ്ഞു.

മെസിയെയും ഡി പോളിനെയും അവരുടെ അനുവാദമില്ലാതെ പിടിച്ചുവലിക്കാനുള്ള ശ്രമങ്ങൾ പോലുമുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥരുടെ വലിയ വലയത്തിനുള്ളിലായിരുന്നതിനാൽ താരങ്ങൾക്ക് സ്വാതന്ത്ര്യത്തോടെ പന്ത് തട്ടാൻ പോലും അവസരം ലഭിച്ചില്ല. മൈതാനത്തിൻ്റെ നടുക്കുണ്ടായിരുന്ന മെസിയെ ഗ്യാലറിയിലുണ്ടായിരുന്നവർക്ക് വ്യക്തമായി കാണാനായില്ല. സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിൽ പോലും ദൃശ്യങ്ങൾ അവ്യക്തമായിരുന്നു. ഒരു മണിക്കൂർ മെസി സ്റ്റേഡിയത്തിലുണ്ടാകുമെന്ന വാഗ്ദാനം കേവലം 22 മിനിറ്റായി ചുരുങ്ങി. പതിനായിരങ്ങൾ നൽകി എത്തിയ ആരാധകർക്ക് മെസിയെ കാണാനുള്ള അവസരം നിഷേധിക്കപ്പെട്ടു.

വിവാഹം മാറ്റിവെച്ച് മെസിയെ കാണാൻ വന്നയാൾ ഉൾപ്പെടെ നിരവധി ആരാധകരാണ് നിരാശരായത്. മെസി മൈതാനം വിട്ടതോടെയാണ് കാര്യങ്ങൾ വഷളായത്. ഇവൻ്റ് മാനേജ് ചെയ്തവരെ കൂകിവിളിച്ചുകൊണ്ട് ആരംഭിച്ച പ്രതിഷേധം വാട്ടർ ബോട്ടിലുകൾ മൈതാനത്തേക്ക് എറിഞ്ഞതോടെ രൂക്ഷമായി. രോഷം അടങ്ങാതെ, ആയിരക്കണക്കിന് ആരാധകർ മൈതാനത്തേക്ക് ഇറങ്ങി വേദി നശിപ്പിച്ചു. ഗ്യാലറിയിലുണ്ടായിരുന്നവർ സീറ്റുകൾ പിഴുതെറിഞ്ഞു. പോലീസിനോ സുരക്ഷാ സേനയ്ക്കോ ആരാധകരെ പിടിച്ചുനിർത്താനായില്ല.

2017 അണ്ടർ 17 ഫുട്ബോൾ ലോകകപ്പിനായി നവീകരിച്ച സ്റ്റേഡിയം നിമിഷനേരം കൊണ്ട് താറുമാറായതോടെ സ്ഥിതിഗതികൾ ശാന്തമാക്കാൻ ഒടുവിൽ പോലീസിന് ലാത്തി വീശേണ്ടി വന്നു. സംഘർഷത്തിന് പിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജി മെസിയോടും ആരാധകരോടും മാപ്പ് പറഞ്ഞു. ഒരു കായിക ഇവൻ്റ് രാഷ്ട്രീയ ഇവൻ്റായി മാറിയെന്നും, മെസിയെപ്പോലൊരു ഗ്ലോബൽ ഐക്കൺ എത്തുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ സന്നാഹങ്ങളുണ്ടായില്ലെന്നുമാണ് പൊതുവെ ഉയരുന്ന വിമർശനം. ഫുട്ബോൾ ആരാധകരുടെ വൈകാരികതയെ ചൂഷണം ചെയ്യുന്നതിൻ്റെ നേർക്കാഴ്ചയായിരുന്നു സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഭവിച്ചതെന്നും, പണം നൽകി കാണേണ്ടി വന്നത് രാഷ്ട്രീയ നേതാക്കളെയും സിനിമാതാരങ്ങളെയുമാണെന്നുമുള്ള നിരാശയാണ് ആരാധകരുടെ രോഷത്തിന് ആഴം കൂട്ടിയത്.

Related Stories

No stories found.
Times Kerala
timeskerala.com