സിഡ്നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഉണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ഭീകരതയോട് ഇന്ത്യക്ക് യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്നും തീവ്രവാദത്തിന് എതിരായ പോരാട്ടത്തെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ഓസ്ട്രേലിയയിലെ സിഡ്നി ബീച്ചിൽ 12 പേരെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ഒരാളെ തിരിച്ചറിഞ്ഞു. നവീദ് അക്രം (24) ആണ് തോക്കുധാരികളില്‍ ഒരാള്‍. സിഡ്‌നിയിലെ ബോണിറിഗ്ഗിലുള്ള അക്രമിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തുന്നു. സംഭവത്തില്‍ രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ പ്രാദേശിക സമയം വൈകീട്ടുണ്ടായ വെടിവെപ്പില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. ബീച്ചില്‍ യഹൂദരുടെ ഒരു ആഘോഷ പരിപാടി നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
അതേ സമയം, ആക്രമണത്തിന്റെ വാര്‍ത്ത നടുക്കുന്നതാണെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനിസ് പറഞ്ഞു. ആക്രമണത്തില്‍ ഓസ്ട്രേലിയന്‍ ഭരണകൂടത്തെ വിമര്‍ശിച്ച് ഇസ്രയേല്‍ രംഗത്തെത്തി. ജൂതന്മാരെ ലക്ഷ്യം വച്ചുള്ള അക്രമമാണ് നടന്നതെന്നും ഓസ്ട്രേലിയ മുന്നറിയിപ്പുകള്‍ അവഗണിച്ചെന്നുമാണ് ഇസ്രയേലിന്റെ കുറ്റപ്പെടുത്തല്‍.