ന്യൂഡൽഹി : യൂറോപ്പിലേക്ക് കുടിയേറാൻ ശ്രമിക്കുന്നതിനിടെ ലിബിയയിൽ വെച്ച് ഗുജറാത്ത് സ്വദേശികളായ ഇന്ത്യൻ ദമ്പതികളെയും അവരുടെ മൂന്നുവയസ്സുകാരിയായ മകളെയും തട്ടിക്കൊണ്ടുപോയി. ഇവരെ തടവിലാക്കിയ സംഘം മോചനദ്രവ്യമായി 2 കോടി രൂപ ആവശ്യപ്പെട്ടിരിക്കുകയാണ്.(Indian family kidnapped in Libya, 3-year-old daughter among them)
ഗുജറാത്തിലെ മെഹ്‌സാന സ്വദേശികളായ കിസ്മത് സിംഗ് ചാവ്ഡ, ഭാര്യ ഹീനാബെൻ, മകൾ ദേവാൻഷി എന്നിവരെയാണ് ആയുധധാരികളായ സംഘം തടഞ്ഞുവെച്ചത്. ഇവരുടെ മെഹ്‌സാനയിലെ ബന്ധുക്കളോടാണ് സംഘം പണം ആവശ്യപ്പെട്ടിട്ടുള്ളത്.
പോർച്ചുഗലിൽ താമസിക്കുന്ന കിസ്മത് സിംഗിൻ്റെ സഹോദരൻ്റെ അടുത്തേക്ക് പോകുന്നതിനിടെയാണ് കുടുംബം ലിബിയയിലെത്തിയത്. നവംബർ 29-ന് അഹമ്മദാബാദിൽ നിന്ന് ദുബായിലേക്കും അവിടെനിന്ന് ലിബിയയിലെ ബെൻഗാസി സിറ്റിയിലേക്കും വിമാനമാർഗം എത്തുകയായിരുന്നു. പോർച്ചുഗലിലെ ഒരു ഏജൻ്റാണ് ഇവരുടെ യാത്രാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയത്.
എന്നാൽ, ലിബിയയിൽ വെച്ച് ആയുധധാരികളായ സംഘം മൂന്നുപേരെയും തടവിലാക്കുകയായിരുന്നു. അക്രമികൾ മോചനദ്രവ്യം ആവശ്യപ്പെട്ടതോടെ പരിഭ്രാന്തരായ ബന്ധുക്കൾ ഉടൻ തന്നെ വിവരങ്ങൾ സംസ്ഥാന സർക്കാരിനെയും വിദേശകാര്യ മന്ത്രാലയത്തെയും അറിയിച്ചു.
കുടുംബം ഏത് സാഹചര്യത്തിലാണ് തടവിലാക്കപ്പെട്ടതെന്നോ, നിലവിൽ എവിടെയാണ് പാർപ്പിച്ചിരിക്കുന്നതെന്നോ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കുടുംബത്തെ സുരക്ഷിതമായി മോചിപ്പിക്കാനുള്ള വഴികൾ തേടി ബന്ധുക്കളും കേന്ദ്ര-സംസ്ഥാന സർക്കാരുകളും നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം ഇടപെട്ട് ലിബിയൻ അധികാരികളുമായി ബന്ധപ്പെട്ടേക്കുമെന്നാണ് സൂചന.