ബിഹാറിൽ ജാതി സെൻസസിന് ഹൈക്കോടതി സ്റ്റേ
May 4, 2023, 18:19 IST

പാറ്റ്ന: ബിഹാറിൽ ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ കണക്കെടുപ്പിനു പാറ്റ്ന ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ജൂലൈ മൂന്ന് വരെയാണ് സ്റ്റേ. ചീഫ് ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റീസ് മധുരേഷ് പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിഷയത്തിൽ അടുത്ത വാദം ജൂലൈ മൂന്നിന് നടക്കും. ഇതുവരെ ശേഖരിച്ച വിവരങ്ങൾ നശിപ്പിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു.
ജാതി സെൻസസിന്റെ ആദ്യഘട്ടം ജനുവരിയിലാണ് ആരംഭിച്ചത്. രണ്ടാം ഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. ബിഹാറിലെ ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയും സാമൂഹികാവസ്ഥയും മനസിലാക്കാന്‍ വേണ്ടിയാണ് ജാതി സര്‍വേ നടത്തുന്നത് എന്നാണ് സർക്കാരിന്റെ വാദം. സുപ്രീം കോടതിയുടെ നിർദേശപ്രകാരമുള്ള ഹർജികളാണ് കോടതി പ്രത്യേകമായി പരിഗണിച്ചത്. സെൻസസ് നടത്താനുള്ള അധികാരം കേന്ദ്രസർക്കാരിനാണെന്നും സർവേയുടെ മറവിൽ സംസ്ഥാനത്തിന് ജാതി സെൻസസ് നടത്താൻ കഴിയില്ലെന്നും ഹർജിക്കാർ വാദിച്ചു.