

ബെംഗളൂരു: ഭർത്താവിന്റെ കയ്യിലെ ടാറ്റൂവിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ടെക്കിക്ക് ജീവപര്യന്തം തടവുശിക്ഷ (Bengaluru Crime). ബെംഗളൂരു മഹാദേവപുര സ്വദേശിയായ വിനയ് കുമാർ (33) ആണ് തന്റെ ഭാര്യ അശ്വിനിയെ (29) കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടത്. 2021 ഏപ്രിലിലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
വിനയ് കുമാറിന്റെ കയ്യിൽ 'രൂപ' എന്ന് പച്ചകുത്തിയത് കണ്ട അശ്വിനി ഇതേക്കുറിച്ച് ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിനയിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അശ്വിനി കണ്ടെത്തിയിരുന്നു. തന്നെ അശ്വിനി നിയമപരമായി നേരിടുമെന്ന് ഭയന്ന വിനയ്, ഭാര്യയെ ഒഴിവാക്കാൻ കൃത്യമായ പദ്ധതി തയ്യാറാക്കുകയായിരുന്നു. സംഭവദിവസം രാത്രി ചിക്കൻ ബിരിയാണിക്കൊപ്പം ഉറക്കഗുളിക കലർത്തിയ ബിയർ വിനയ് അശ്വിനിക്ക് നിർബന്ധിച്ചു നൽകി. അവൾ മരിച്ചുവെന്ന് കരുതിയെങ്കിലും പിറ്റേന്ന് രാവിലെ നോക്കിയപ്പോൾ അശ്വിനിക്ക് ജീവനുള്ളതായി കണ്ടു. ഇതോടെ അശ്വിനിയുടെ തന്നെ ദുപ്പട്ട ഉപയോഗിച്ച് വിനയ് അവളെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു.
കൊലപാതകത്തിന് ശേഷം അശ്വിനി അബോധാവസ്ഥയിൽ കിടക്കുകയാണെന്ന് പറഞ്ഞ് അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് തെളിയുകയായിരുന്നു. വിനയ് ഉറക്കഗുളികയും ബിയറും വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണ്ണായക തെളിവായി. കോടതി വിനയ് കുമാറിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു.
A Bengaluru court has sentenced Vinay Kumar, a 33-year-old techie, to life imprisonment for the calculated murder of his wife, Ashwini. The dispute began when Ashwini questioned a tattoo of another woman's name on Vinay's arm, leading her to discover his extramarital affair. On the night of the crime, Vinay drugged his wife with sleeping pills mixed in beer and later strangled her with her own dupatta when the initial poisoning failed.