

ന്യൂഡൽഹി: യുഎഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പിടികിട്ടാപ്പുള്ളി ഇന്ദർജിത് സിംഗ് യാദവിന്റെയും കൂട്ടാളികളുടെയും ആഡംബര വാഹനങ്ങളും പണവും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്തു. ഡിസംബർ 26, 27 തീയതികളിലായി ഡൽഹി, ഹരിയാനയിലെ ഗുരുഗ്രാം, റോഹ്തക് എന്നിവിടങ്ങളിലെ പത്തോളം കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് വൻ സ്വത്ത് ശേഖരം കണ്ടെത്തിയത്.
അഞ്ച് ആഡംബര കാറുകൾ, 17 ലക്ഷം രൂപ, ബാങ്ക് ലോക്കറുകൾ, നിർണ്ണായകമായ ഡിജിറ്റൽ രേഖകൾ എന്നിവ റെയ്ഡിൽ കണ്ടുകെട്ടി. കൊലപാതകം, ഭീഷണിപ്പെടുത്തി പണം തട്ടൽ, ഭൂമി കൈയേറ്റം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ ഇന്ദർജിത് സിംഗ് നിലവിൽ യുഎഇയിൽ ഒളിവിലിരുന്നാണ് ഇന്ത്യയിലെ തന്റെ ക്രിമിനൽ ശൃംഖലയെ നിയന്ത്രിക്കുന്നത്.
ബിനാമി ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലും: കോർപ്പറേറ്റുകൾക്കും പ്രൈവറ്റ് ഫൈനാൻസർമാർക്കും ഇടയിലുള്ള സാമ്പത്തിക തർക്കങ്ങളിൽ ഇടപെട്ട് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇയാളുടെ പ്രധാന രീതി. ഇത്തരത്തിൽ ലഭിക്കുന്ന കോടിക്കണക്കിന് രൂപ ഇന്ത്യയിൽ ബിനാമി പേരുകളിൽ ആഡംബര സ്വത്തുക്കളും വാഹനങ്ങളും വാങ്ങിക്കൂട്ടാൻ ഉപയോഗിച്ചതായി ഇഡി കണ്ടെത്തി. 'ജെം ട്യൂൺസ്' (Gem Tunes) എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു ഇയാളുടെ പ്രധാന സാമ്പത്തിക ഇടപാടുകൾ നടന്നത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) ഇന്ദർജിത് സിംഗിനും സംഘത്തിനുമെതിരെ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് കേന്ദ്ര ഏജൻസി.