ചെന്നൈ: മലേഷ്യയിലെ പരിപാടികൾക്ക് ശേഷം മടങ്ങിയെത്തിയ തമിഴ് സൂപ്പർ താരം വിജയ് ചെന്നൈ വിമാനത്താവളത്തിൽ ആരാധകരുടെ തിരക്കിൽപ്പെട്ട് നിലത്തുവീണു. തന്റെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ജന നായകന്റെ' ഓഡിയോ ലോഞ്ച് കഴിഞ്ഞ് മടങ്ങിവരവെയാണ് സംഭവം.(Actor Vijay falls to the ground at Chennai airport)
വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഉടൻ കാത്തുനിന്നിരുന്ന വൻ ആരാധകസംഘം അദ്ദേഹത്തെ വളയുകയായിരുന്നു. കാറിലേക്ക് നടന്നുനീങ്ങുന്നതിനിടെ ഉണ്ടായ ശക്തമായ ഉന്തിലും തള്ളിലും അദ്ദേഹം നിയന്ത്രണം വിട്ട് നിലത്തേക്ക് വീണു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ താങ്ങിയെഴുന്നേൽപ്പിക്കുകയും പ്രയാസപ്പെട്ട് കാറിൽ കയറ്റുകയും ചെയ്തു.
വീഴ്ചയിൽ താരത്തിന് പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ തമിഴക വെട്രി കഴകത്തിന്റെ കരൂർ റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, മലേഷ്യയിലെ പരിപാടിക്ക് കനത്ത സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്.