

ന്യൂഡൽഹി: വരാനിരിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായി രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ചർച്ച നടത്തും. ഡൽഹിയിൽ വെച്ച് നടക്കുന്ന യോഗത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുക്കും. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് വേഗം കൂട്ടുന്നതിനുള്ള സുപ്രധാന നിർദ്ദേശങ്ങൾ യോഗത്തിൽ ചർച്ചയാകും.(PM Modi Will hold discussions with economic experts tomorrow ahead of Union Budget)
ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാനുള്ള വഴികൾ തേടും. വിദേശ നിക്ഷേപം (FDI) ആകർഷിക്കുന്നതിനും രാജ്യത്തുനിന്നുള്ള കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ ചർച്ച ചെയ്യും.
ധനക്കമ്മി കുറയ്ക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിനുമുള്ള വിദഗ്ധ നിർദ്ദേശങ്ങൾ പ്രധാനമന്ത്രി ആരായും. സാമ്പത്തിക വിദഗ്ധർക്ക് പുറമെ നീതി ആയോഗ് ഉപാധ്യക്ഷൻ സുമൻ ബെറി, സി.ഇ.ഒ ബി.വി.ആർ. സുബ്രഹ്മണ്യം എന്നിവരും യോഗത്തിൽ പങ്കെടുക്കും. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിർമല സീതാരാമൻ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നത്.