ലഖ്‌നൗ: അഞ്ച് വയസുകാരനായ നഴ്സറി വിദ്യാർത്ഥിക്ക് ക്ലാസ് മോണിറ്ററുടെ ക്രൂരമർദ്ദനം. കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവത്തിൽ കുട്ടിയുടെ മുഖത്തും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് എട്ട് മിനിറ്റോളം നീണ്ടുനിന്ന അതിക്രൂരമായ മർദ്ദനത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.(Nursery Student Brutally Beaten By Class Monitor in Lucknow )
ക്ലാസ് മുറിയിൽ ടീച്ചറും 18 ഓളം കുട്ടികളും ഇരിക്കുന്നതാണ് പത്ത് മിനിറ്റോളം നീളുന്ന സിസിടിവി ദൃശ്യങ്ങളുടെ തുടക്കത്തിലുള്ളത്. ക്ലാസിലെ കുട്ടികളോട് മേശപ്പുറത്ത് തലവെച്ച് കിടക്കാൻ നിർദ്ദേശിച്ച അധ്യാപിക, ആരും തല ഉയർത്തുന്നില്ലെന്ന് ഉറപ്പുവരുത്താൻ ക്ലാസ് മോണിറ്ററായ പെൺകുട്ടിയെ ചുമതലപ്പെടുത്തി പുറത്തേക്ക് പോയി. ടീച്ചർ പോയതിന് തൊട്ടുപിന്നാലെ ചില കുട്ടികൾ തലയുയർത്താൻ ശ്രമിച്ചപ്പോൾ മോണിറ്ററായ പെൺകുട്ടി ഇവരെ അടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
ഇതിനിടെയാണ് അഞ്ച് വയസുകാരൻ തലയുയർത്തിയത് ശ്രദ്ധയിൽപ്പെട്ടത്. ഓടിയെത്തിയ മോണിറ്ററായ കുട്ടി ആൺകുട്ടിയുടെ കരണത്ത് നാല് തവണയോളം ശക്തമായി തല്ലുകയും ബലമായി തല മേശപ്പുറത്ത് അമർത്തിവെക്കാൻ ശ്രമിക്കുകയും ചെയ്തു. വേദനകൊണ്ട് കുട്ടി ഉറക്കെ കരഞ്ഞുകൊണ്ട് തലയുയർത്തിയപ്പോൾ വീണ്ടും ക്രൂരമായി മർദ്ദിച്ചു.
ഭയന്നോടിയ കുട്ടി ക്ലാസ് മുറിയുടെ ഒരു വാതിലിലൂടെ പുറത്തേക്ക് ഓടാൻ ശ്രമിച്ചെങ്കിലും മോണിറ്ററായ പെൺകുട്ടി തടയുകയും വാതിൽ അകത്തുനിന്ന് പൂട്ടുകയും ചെയ്തു. തുടർന്ന് രണ്ടാമത്തെ വാതിലിലൂടെ ഓടാൻ ശ്രമിച്ച കുട്ടിയെ അവിടെനിന്നും വലിച്ചിഴച്ച് സീറ്റിലേക്ക് കൊണ്ടുവരികയായിരുന്നു. സീറ്റിലിരുത്തിയും കുട്ടിയെ ഈ പെൺകുട്ടി ക്രൂരമായി തല്ലിച്ചതച്ചു. മറ്റ് കുട്ടികളെല്ലാം പേടിച്ച് തല മേശപ്പുറത്ത് അമർത്തി കിടക്കുകയായിരുന്നു.
പത്ത് മിനിറ്റോളം കഴിഞ്ഞ് അധ്യാപിക തിരിച്ചെത്തി വാതിലിൽ തട്ടിയപ്പോഴാണ് മോണിറ്റർ വാതിൽ തുറന്നത്. കുട്ടി ഉടൻ തന്നെ അധ്യാപികയോട് പരാതി പറയുന്നതും ദൃശ്യങ്ങളിലുണ്ട്. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയുടെ മുഖത്തെ നീരും ചതവുകളും കണ്ട് മാതാപിതാക്കൾ സ്കൂളിലെത്തി സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോഴാണ് ക്രൂരത പുറത്തറിഞ്ഞത്. സംഭവത്തെത്തുടർന്ന് മർദ്ദിച്ച വിദ്യാർത്ഥിനിയെ പുറത്താക്കിയതായി അധികൃതർ അറിയിച്ചു.
Story Summary
A five-year-old nursery student was brutally thrashed for nearly eight minutes by his class monitor at ALS Academy in Lucknow. The incident, caught on the classroom CCTV, occurred after the teacher left the room, tasking the monitor with ensuring students kept their heads down. The victim sustained severe facial bruises.


