ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ച സംഭവത്തിൽ 25-കാരിയായ യുവതിക്കെതിരെ കേസ്. നോയിഡയിലെ എക്‌സ്പ്രസ്‌വേ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സീറോ എഫ്.ഐ.ആർ പിന്നീട് കൂടുതൽ അന്വേഷണങ്ങൾക്കായി ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.(FIR Registered Against Woman Expletives PM Modi Jantar Mantar Protest)
ജൂലൈ 23-ന് ജന്തർ മന്തറിൽ നടന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിനിടെയാണ് റുചിക സിങ് എന്ന യുവതി വിവാദ പരാമർശങ്ങൾ നടത്തിയത്. പ്രധാനമന്ത്രിയുടെ പദവിയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നതും ക്രമസമാധാന തകർച്ചയ്ക്കും സാമൂഹിക അസ്വസ്ഥതകൾക്കും വഴിതെളിക്കുന്നതുമാണ് ഈ വാക്കുകൾ എന്ന് ചൂണ്ടിക്കാട്ടി ബുധനാഴ്ചയാണ് പോലീസിൽ പരാതി ലഭിച്ചത്.
നിയമപ്രകാരം വഞ്ചന, പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്തൽ, അപമാനിക്കൽ എന്നീ ബി.എൻ.എസ് (BNS) വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. അതേസമയം സംഭവത്തിൽ പ്രതികരണവുമായി കോക്രോച്ച് ജനതാ പാർട്ടി വക്താവ് സൗരവ് ദാസ് രംഗത്തെത്തി. യുവതി ഉപയോഗിച്ച ഭാഷ തെറ്റായിരിക്കാമെന്നും അപകീർത്തികരമാണെങ്കിൽ സിവിൽ അല്ലെങ്കിൽ ക്രിമിനൽ അപകീർത്തിക്കേസ് ഫയൽ ചെയ്യാൻ വ്യക്തികൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുത്ത് ക്രിമിനൽ നടപടികൾ ആരംഭിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് യുവാക്കൾക്കിടയിൽ ഭയത്തിന് കാരണമാകുമെന്നും സി.ജെ.പി വ്യക്തമാക്കി.
Story Summary
A Zero FIR was registered against a 25-year-old woman named Ruchika Singh for allegedly using expletives against PM Narendra Modi during a protest at Jantar Mantar. While Cockroach Janta Party spokesperson Saurav Das condemned using criminal action against protesters, the FIR was transferred to Delhi Police for further investigation.


