ന്യൂഡൽഹി: രാജ്യത്ത് പെട്രോളിയം ഇറക്കുമതി കുറയ്ക്കുന്നതിനും പരിസ്ഥിതി മലിനീകരണം തടയുന്നതിനുമായി 85 ശതമാനം എഥനോൾ അടങ്ങിയ ‘ഇ85’ (E85) ഇന്ധനത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുന്നു (E85 Fuel Price Reduction). എഥനോൾ കലർത്തിയ ഈ പുതിയ ഇന്ധനത്തിന് പെട്രോളിനേക്കാൾ വളരെ വില കുറവായിരിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോർകോർപ്പിന്റെ ഫ്‌ളെക്‌സ് ഫ്യൂവൽ പതിപ്പുകൾ പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും ചേർത്താണ് ഇ85 ഇന്ധനം വികസിപ്പിക്കുന്നത്. ഫ്‌ളെക്‌സ് ഫ്യൂവൽ എഞ്ചിനുള്ള പ്രത്യേക വാഹനങ്ങളിൽ മാത്രമേ ഈ ഇന്ധനം ഉപയോഗിക്കാൻ സാധിക്കൂ.
ഘട്ടംഘട്ടമായി രാജ്യം മുഴുവൻ ഇ85 ഇന്ധനം ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ഡൽഹി-എൻ.സി.ആർ. മേഖല, മുംബൈ, പുണെ, നാസിക് എന്നിവിടങ്ങളിലാണ് ഇത് അവതരിപ്പിക്കുക. ഈ വർഷം ഡിസംബറോടെ 500 ഇന്ധന പമ്പുകൾ ഇതിനായി സജ്ജമാക്കുമെന്നും 2027 അവസാനത്തോടെ ഇത്തരത്തിലുള്ള പമ്പുകളുടെ എണ്ണം 5,000 ആയി ഉയർത്തുമെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുത വാഹനങ്ങളെക്കാൾ കുറഞ്ഞ മലിനീകരണം മാത്രമാണ് ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനങ്ങൾ ഉണ്ടാക്കുക. രാജ്യത്തെ പകുതി വാഹനങ്ങളെങ്കിലും ഫ്‌ളെക്‌സ് ഫ്യൂവലിലേക്ക് മാറിയാൽ എഥനോളിന്റെ ആവശ്യം 311.8 കോടി ലിറ്ററായി ഉയരും. ഇത് രാജ്യത്തെ കർഷകർക്ക് 12,403 കോടി രൂപയുടെ അധിക വരുമാനം ഉറപ്പാക്കുന്നതിനൊപ്പം കാർബൺ ബഹിർഗമനത്തിൽ 66.4 ലക്ഷം മെട്രിക് ടണ്ണിന്റെ കുറവുണ്ടാക്കുമെന്നും ഹർദീപ് സിങ് പുരി കൂട്ടിച്ചേർത്തു.
Summary: The Central Government is launching initiatives to promote E85 fuel, a blend of 85% ethanol and 15% petrol, which will be significantly cheaper than traditional petrol. Union Petroleum Minister Hardeep Singh Puri announced that the fuel will initially roll out in Delhi-NCR, Mumbai, Pune, and Nashik, with a target of setting up 5,000 specialized fuel stations by the end of 2027. Designed strictly for flex-fuel vehicles, the widespread adoption of E85 is expected to cut petroleum imports, boost farmers’ income by ₹12,403 crore due to high ethanol demand, and reduce carbon emissions by 66.4 lakh metric tonnes.

