ഡീപ്ഫെയ്ക്; പ്രചരിക്കുന്ന ചിത്രങ്ങളിൽ മലയാളി നടിമാരും

സമൂഹ മാധ്യമങ്ങളിൽ നടി രശ്മിക മന്ദാനയുടെ ഡീപ്ഫെയ്ക് വീഡിയോ പ്രചരിപ്പിച്ച 19 കാരനായ ബീഹാറി സ്വദേശിയെ കഴിഞ്ഞ ദിവസം പൊലീസ് പടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തു. എന്നാൽ വീഡിയോ ആദ്യം ഷെയർ ചെയ്ത വ്യക്തി എന്നതിനപ്പുറം പ്രതിയെ അറസ്റ്റ് ചെയ്ത് മുൻപോട്ടുള്ള നടപടിയെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇപ്പോൾ പുറത്തുവരുന്ന വിവരം അനുസരിച്ച് ഡീപ്ഫെയ്ക് വീഡിയോകളിൽ രശ്മിക മാത്രമല്ല ഇരയായിട്ടുള്ളത്. ബോളിവുഡ് നടി കജോളിന്റെ ഡീപ്ഫെയ്ക് പുറത്തു വന്നതായുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരാളെ പിടികൂടിയതു കൊണ്ടോ ചോദ്യം ചെയ്തതു കൊണ്ടോ ഇത്തരം കേസുകൾ അവസാനിക്കുന്നില്ല.

പ്രിയങ്ക ചോപ്ര, കാജോൾ, അനുഷ്‌ക ശർമ, കിയാര അദ്വാനി, ഐശ്വര്യ റായ്, തമന്ന ഭാട്ടിയ, പൂജ ഹെഡ്‌ഗെ എന്നുതുടങ്ങി ഒട്ടേറെ മലയാളം, തെലുങ്ക് തമിഴ് നടിമാരും വ്യാജ വീഡിയോകളുടെ ഇരകളായി മാറിക്കഴിഞ്ഞു. ഓൺലൈനിൽ സുലഭമായി എഐ ടൂളുകളുള്ളതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലിരുന്നും ആരുടെ വേണമെങ്കിലും ഡീപ്ഫെയ്കുകൾ നിർമ്മിച്ചെടുക്കാം.