

ലഖ്‌നൗ/ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വാടക ചോദിച്ചെത്തിയ 32-കാരിയായ സ്കൂൾ അധ്യാപികയെ വാടകക്കാർ ക്രൂരമായി കൊലപ്പെടുത്തി. രാജ്‌നഗർ സ്വദേശിനിയായ അധ്യാപികയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വാടകയ്ക്ക് താമസിച്ചിരുന്ന അജയ് ഗുപ്ത (35), ഭാര്യ അകൃതി ഗുപ്ത (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട യുവതിക്ക് രണ്ട് ഫ്ലാറ്റുകളാണുള്ളത്. ഇതിൽ ഒന്നിൽ ഇവർ കുടുംബത്തോടൊപ്പം താമസിക്കുകയും മറ്റൊന്ന് അജയ് ഗുപ്തയ്ക്കും ഭാര്യയ്ക്കും വാടകയ്ക്ക് നൽകുകയുമായിരുന്നു. പ്രതിമാസം 18,000 രൂപ വാടകയ്ക്കാണ് എട്ടു മാസം മുൻപ് ദമ്പതികൾ ഫ്ലാറ്റിൽ താമസം തുടങ്ങിയത്. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവർ വാടക നൽകിയിരുന്നില്ല.
കുടിശ്ശിക ആവശ്യപ്പെട്ട് വൈകുന്നേരം ഫ്ലാറ്റിലെത്തിയ യുവതിയെ ദമ്പതികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പ്രഷർ കുക്കർ കൊണ്ട് മാരകമായി അടിയേറ്റതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം മൃതദേഹം ഒരു ബാഗിലാക്കി ഒളിപ്പിക്കുകയായിരുന്നു.
യുവതി വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുജോലിക്കാരി അന്വേഷിച്ചിറങ്ങി. വാടകക്കാർ താമസിക്കുന്ന ഫ്ലാറ്റിലെത്തിയപ്പോൾ ദമ്പതികൾ നൽകിയ മറുപടിയിൽ സംശയം തോന്നിയ ജോലിക്കാരി വിവരം അയൽക്കാരെ അറിയിച്ചു. അയൽക്കാരാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
വാടക ചോദിച്ചതിന്റെ പേരിൽ അധ്യാപികയെ കൊലപ്പെടുത്തിയ ദമ്പതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.