

ശ്രീനഗർ: ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ അഞ്ച് വയസ്സുകാരി വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബിജ്‌ബെഹാരയിലെ ശ്രീഗുഫ്‌വാര പ്രദേശം ബുധനാഴ്ച രാത്രിയാണ് ഈ ദാരുണമായ സംഭവത്തിന് സാക്ഷ്യം വഹിച്ചത്. ബുധനാഴ്ച രാത്രി വീടിന് പുറത്ത് നിൽക്കുകയായിരുന്ന പെൺകുട്ടിയെ പുള്ളിപ്പുലി പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ കുട്ടിയെ കടിച്ചെടുത്ത പുലി സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും പോലീസും രക്ഷാപ്രവർത്തകരും ഉടൻ തന്നെ പ്രദേശത്ത് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.
മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കുറ്റിക്കാട്ടിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തെത്തുടർന്ന് ശ്രീഗുഫ്‌വാര പ്രദേശത്ത് വൻ പരിക്ക്രാന്തിയാണ് നിലനിൽക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം തടയാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പിഡിപി നേതാവ് ഇൽതിജ മുഫ്തി കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് അനുശോചനം അറിയിച്ചു. പുള്ളിപ്പുലിയെ പിടികൂടാനായി വനംവകുപ്പ് മേഖലയിൽ കെണികൾ സ്ഥാപിച്ചിട്ടുണ്ട്.