മുംബൈ: ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ മുംബൈയിലെ വസതിയിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. നടിയുടെ ഉടമസ്ഥതയിലുള്ള ബംഗളൂരുവിലെ റെസ്റ്റോറന്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ പൊരുത്തക്കേടുകളെ തുടർന്നാണ് നടപടിയെന്നാണ് പ്രാഥമിക വിവരം.
പരിശോധനകൾക്ക് ആധാരമായ ബംഗളൂരുവിലെ 'ബാസ്റ്റ്യൻ' റെസ്റ്റോറന്റ് നേരത്തെയും നിയമകുരുക്കിൽ അകപ്പെട്ടിരുന്നു. സെന്റ് മാർക്സ് റോഡിലുള്ള റെസ്റ്റോറന്റ് നിശ്ചിത സമയം കഴിഞ്ഞും (പുലർച്ചെ 1:30 വരെ) പ്രവർത്തിച്ചതിനെ തുടർന്ന് കർണാടക പോലീസ് കേസെടുത്തിരുന്നു. നിയമങ്ങൾ ലംഘിച്ച് രാത്രി വൈകി പാർട്ടികൾ സംഘടിപ്പിച്ചതിനും മാനേജർമാർക്കും ജീവനക്കാർക്കുമെതിരെ കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ പരാതി നിലനിൽക്കുന്നുണ്ട്.
ബാസ്റ്റ്യൻ കൂടാതെ റെസിഡൻസി റോഡിലെ സോർ ബെറി പബ്ബിനെതിരെയും സമാനമായ രീതിയിൽ കേസെടുത്തിട്ടുണ്ട്.
60 കോടിയുടെ തട്ടിപ്പ് കേസും തിരിച്ചടിയാവുന്നു ആദായനികുതി പരിശോധനയ്ക്ക് പുറമെ, പഴയൊരു സാമ്പത്തിക തട്ടിപ്പ് കേസും നടിയെയും ഭർത്താവ് രാജ് കുന്ദ്രയെയും വേട്ടയാടുന്നുണ്ട്.
2015 മുതൽ 2023 വരെയുള്ള കാലയളവിൽ 'ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിൽ 60 കോടി രൂപ നിക്ഷേപിക്കാൻ ദീപക് കോത്താരി എന്നയാളെ ദമ്പതികൾ പ്രേരിപ്പിച്ചുവെന്നാണ് പരാതി. ഈ തുക സ്വന്തം ആവശ്യങ്ങൾക്കായി വകമാറ്റി ഉപയോഗിച്ചുവെന്നും വഞ്ചിച്ചുവെന്നും കാണിച്ച് നൽകിയ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
നിലവിലെ ആദായനികുതി പരിശോധനയിൽ പിടിച്ചെടുത്ത രേഖകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.