നാഷണൽ: ദ്വിദിന ഒമാൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മസ്കറ്റിൽ ഊഷ്മള സ്വീകരണം. ഒമാനിലെത്തിയ മോദി അവിടെ തടിച്ചുകൂടിയ മലയാളികളോട് ‘സുഖമാണോ?’ എന്ന് മലയാളത്തിൽ കുശലം ചോദിച്ചത് പ്രവാസികൾക്കിടയിൽ ആവേശമായി. ഒമാനിൽ താൻ ഒരു ‘മിനി ഇന്ത്യ’യെയാണ് കാണുന്നതെന്ന് പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.(PM Modi talks with Malayalis in Oman; 4 crucial agreements signed)
മസ്കറ്റിലെ അൽ ബറക കൊട്ടാരത്തിലാണ് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി നാല് സുപ്രധാന ധാരണാപത്രങ്ങളിൽ (MoU) ഒപ്പുവെച്ചു. സമുദ്ര ഗവേഷണം, പൈതൃക സംരക്ഷണം, മ്യൂസിയങ്ങൾ എന്നിവയുടെ വികസനം, ശാസ്ത്രീയ ഗവേഷണം, നവോത്ഥാനം, നൈപുണ്യ വികസനം എന്നീ മേഖലകളിലെ സഹകരണം എന്നിവയടക്കം കാർഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകളുടെ കൈമാറ്റം, ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും (OCCI), കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും (CII) തമ്മിലുള്ള തന്ത്രപരമായ സഹകരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു
ഇന്ത്യയും ഒമാനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) യാഥാർത്ഥ്യമാകുന്നതിന്റെ നിർണ്ണായക ഘട്ടത്തിലാണ് ഈ സന്ദർശനം. സ്വതന്ത്ര വ്യാപാര കരാർ ഉൾപ്പെടുന്ന ഈ ഉടമ്പടിക്ക് ഇന്ത്യൻ മന്ത്രിസഭ നേരത്തെ അംഗീകാരം നൽകിയിരുന്നു. ഇത് പ്രാബല്യത്തിൽ വരുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര നിക്ഷേപങ്ങൾ വൻതോതിൽ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.