ന്യൂഡൽഹി: തൊഴിലാളി പ്രക്ഷോഭം ശക്തമായ നോയിഡയിൽ, തൊഴിലാളികളെ സന്ദർശിക്കാനെത്തിയ സിപിഎം പ്രതിനിധി സംഘത്തെ പോലീസ് തടഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, എംപിമാരായ എ.എ. റഹീം, വി. ശിവദാസൻ എന്നിവരടങ്ങുന്ന സംഘത്തെയാണ് പോലീസ് തടഞ്ഞത്. പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ, ഒടുവിൽ സന്ദർശനാനുമതി നൽകാൻ പോലീസ് തയ്യാറായി.(CPM group including MA Baby stopped in Noida, Protest against UP police by sitting on the road)
തൊഴിലാളി സമരത്തെത്തുടർന്ന് അറസ്റ്റിലായവരെയും അവരുടെ കുടുംബാംഗങ്ങളെയും സന്ദർശിക്കാനും ജില്ലാ കളക്ടറുമായി ചർച്ച നടത്താനുമാണ് സിപിഎം സംഘം നോയിഡയിലെത്തിയത്. അതിർത്തിയിൽ വെച്ച് സംഘത്തെ തടഞ്ഞ പോലീസ്, പിന്നീട് ഇവരെ ഗൗതം ബുദ്ധ് നഗറിലെ പോലീസ് ക്യാമ്പിലേക്കാണ് മാറ്റിയത്. ജില്ലാ കളക്ടറെ കാണുന്നതിനായി പോലീസ് ക്യാമ്പിൽ കാത്തിരിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
സമരം ചെയ്ത സിഐടിയു നേതാക്കളെയടക്കം പോലീസ് അറസ്റ്റ് ചെയ്യുകയും പലരെയും വീട്ടുതടങ്കലിലാക്കുകയും ചെയ്തിരിക്കുകയാണ്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് തടഞ്ഞതെങ്കിലും പോലീസിന്റെ നീക്കങ്ങളിൽ വലിയ ദുരൂഹതയുണ്ടെന്ന് സി പി എം ആരോപിച്ചു.

