മണിപ്പൂരിൽ വീണ്ടും സാമുദായിക സംഘർഷം; ഇംഫാലിൽ കർഫ്യൂ

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സാമുദായിക സംഘർഷം ആശങ്കപടർത്തുന്നു. സംഘർഷത്തെ തുടര്‍ന്ന് നിലവിൽ ഇംഫാലിൽ കർഫ്യൂ പ്രഖ്യാപിച്ചു. പ്രദേശത്ത് വീടുകൾക്കടക്കം വ്യാപകമായി തീയിട്ടു. സൈന്യം ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഒരിടവേളയ്ക്ക് ശേഷം മണിപ്പൂരിൽ ആശങ്കയുയർത്തി ഇന്ന് ഉച്ചയോടെയാണ് ഇംഫാലിലെ ന്യൂ ചെക്കോൺ മേഖലയിലെ ചന്തയിലാണ് മെയ്തി - കുക്കി വിഭാഗങ്ങള്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായത്. പൊലീസും ഫയർഫോഴ്സും, കേന്ദ്രസേനയും സ്ഥലത്തെത്തിയാണ് വീടുകളുടെ തീയണച്ചത്. ഇവരുടെ കയ്യിൽനിന്ന് രണ്ട് ആയുധങ്ങളും പിടിച്ചെടുത്തതായും ഇംഫാലില് സ്ഥിതി ശാന്തമാണെന്നും സൈന്യം അറിയിച്ചു. സംഭവത്തിൽ പരിക്കേറ്റതായോ നാശനഷ്ടങ്ങൾ സംബന്ധിച്ചോ ആയ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ആഴ്ചകളോളം നീണ്ട സംഘർഷത്തിന് ശേഷം ഒരാഴ്ചയായി സംസ്ഥാനത്തെ സ്ഥിതിഗതികൾ സാധാരണനിലയിലേക്കെത്തുകയായിരുന്നു. വീണ്ടും സംഘർഷമുണ്ടായ പശ്ചാത്തലത്തിൽ നേരത്തെ നൽകിയിരുന്ന കർഫ്യൂ ഇളവ് ഉച്ചക്ക് 1 മണി വരെയായി ചുരുക്കിയിട്ടുണ്ട്. സൈന്യത്തിന്റെയും കേന്ദ്രസേനയുടെയും വിന്യാസവും പ്രദേശത്ത് ശക്തമാക്കിയിട്ടുണ്ട്.