ഭോപ്പാൽ: ബലാത്സംഗ കുറ്റകൃത്യങ്ങളെ ജാതിയുമായും സ്ത്രീകളുടെ ശാരീരിക സൗന്ദര്യവുമായും ബന്ധിപ്പിച്ച് വിവാദ പ്രസ്താവനയുമായി മധ്യപ്രദേശിലെ കോൺഗ്രസ് എം.എൽ.എ ഫൂൽ സിങ് ബരൈയ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ അദ്ദേഹം നടത്തിയത്.
സുന്ദരികളായ സ്ത്രീകൾ പുരുഷന്മാരുടെ ശ്രദ്ധ തിരിക്കുമെന്നും അത് ബലാത്സംഗത്തിന് കാരണമാകുമെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം. മനോഹരിയായ പെൺകുട്ടിയെ കാണുന്നത് പുരുഷന്റെ മനസ്സിനെ വ്യതിചലിപ്പിക്കുകയും അത് ബലാത്സംഗത്തിന് പ്രേരിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
എസ്‌സി, എസ്ടി, ഒബിസി വിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾ മനോഹരികളല്ലെന്നും, എങ്കിലും അവർ ബലാത്സംഗം ചെയ്യപ്പെടുന്നത് അവരുടെ 'വിശുദ്ധ ഗ്രന്ഥങ്ങളിൽ' പറഞ്ഞിരിക്കുന്നതിനാലാണെന്നുമാണ് ബരൈയയുടെ ക്രൂരമായ കണ്ടെത്തൽ. ദളിത് സ്ത്രീകളെ ബലാത്സംഗം ചെയ്താൽ ആത്മീയ ഗുണം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
ഒരു പുരുഷന് സ്ത്രീയുടെ അനുവാദമില്ലാതെ അവളെ ബലാത്സംഗം ചെയ്യാനാവില്ലെന്നും, അതാണ് പിഞ്ചു കുഞ്ഞുങ്ങൾ പോലും പീഡനത്തിനിരയാകാൻ കാരണമെന്നുമുള്ള അപരിഷ്‌കൃതമായ പ്രസ്താവനയും അദ്ദേഹം നടത്തി.
എം.എൽ.എയുടെ പ്രസ്താവന പുറത്തുവന്നതോടെ രാഷ്ട്രീയ ഭേദമന്യേ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇത്രയും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ സ്ത്രീകളെയും പിന്നാക്ക വിഭാഗങ്ങളെയും ഇത്രയധികം അവഹേളിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വിവിധ സംഘടനകൾ വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വവും ഈ വിഷയത്തിൽ വലിയ പ്രതിരോധത്തിലായിരിക്കുകയാണ്.