

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യം കനത്ത സുരക്ഷാ ഭീഷണിയിലാണെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ് (Republic Day Alert). ഖാലിസ്ഥാനി ഭീകര സംഘടനകളും ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര ഗ്രൂപ്പുകളും ഡൽഹി ഉൾപ്പെടെയുള്ള പ്രമുഖ ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിടുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. ജനുവരി 26-ന് നടക്കാനിരിക്കുന്ന ആഘോഷങ്ങൾ തടസ്സപ്പെടുത്താനും ആഭ്യന്തര സുരക്ഷ അപകടത്തിലാക്കാനും അക്രമിസംഘങ്ങൾ പദ്ധതിയിടുന്നതായി ഏജൻസികൾ വ്യക്തമാക്കുന്നു.
വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഖാലിസ്ഥാനി തീവ്രവാദികളും മറ്റ് തീവ്രവാദ ഗ്രൂപ്പുകളും പഞ്ചാബ് കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘങ്ങളെ തങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്നതാണ് സുരക്ഷാ ഏജൻസികളെ ആശങ്കപ്പെടുത്തുന്നത്. ലോക്കൽ ക്രിമിനൽ ശൃംഖലകളെ ആയുധമാക്കി മാറ്റി രാജ്യത്തിനുള്ളിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമം. ഹരിയാന, ഡൽഹി-എൻ.സി.ആർ, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ സജീവമായ ഇത്തരം ഗുണ്ടാസംഘങ്ങൾ ഖാലിസ്ഥാനി ഭീകരരുമായി പ്രവർത്തനപരമായ ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തലസ്ഥാന നഗരിയായ ഡൽഹിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിൽ പരിശോധനകൾ കർശനമാക്കുകയും ഡ്രോൺ നിരീക്ഷണമുൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന കർത്തവ്യ പഥിലും പരിസരങ്ങളിലും പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ട്. സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Intelligence agencies have issued a high alert across India, specifically targeting Delhi and other major cities, ahead of Republic Day due to potential threats from Khalistani and Bangladesh-based terror outfits. Reports suggest that foreign-based handlers are increasingly recruiting local gangsters from Punjab, Haryana, and Uttar Pradesh as foot soldiers to carry out attacks. In response, security has been significantly beefed up in the national capital to ensure the safety of the upcoming celebrations.