

പാറ്റ്‌ന: നിയമവാഴ്ചയെ വെല്ലുവിളിച്ച് തിരക്കേറിയ ഹൈവേയിൽ ബൈക്ക് അഭ്യാസപ്രകടനം നടത്തിയ യുവാക്കൾ ഒടുവിൽ പോലീസ് പിടിയിലായി. വേഗത്തിൽ പായുന്ന രണ്ട് ബൈക്കുകളിലായി ഇരുകൈകളും കോർത്തുപിടിച്ച്, സീറ്റിൽ എഴുന്നേറ്റുനിന്ന് യാത്ര ചെയ്ത യുവാക്കളുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
റോഡിലൂടെ പോവുകയായിരുന്ന ഒരു പോലീസ് വാഹനത്തെ യാതൊരു ഭയവുമില്ലാതെയാണ് യുവാക്കൾ ഇത്തരത്തിൽ അഭ്യാസപ്രകടനം നടത്തി മറികടന്നത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പോലീസിനെതിരെ വലിയ വിമർശനം ഉയർന്നു. ബീഹാറിൽ ജനങ്ങൾക്ക് പോലീസിനെ ഭയമില്ലാതായെന്നും, പോലീസിന്റെ സാന്നിധ്യത്തിൽപ്പോലും ഇത്തരം നിയമലംഘനങ്ങൾ നടക്കുന്നത് സുരക്ഷാ വീഴ്ചയാണെന്നും സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെട്ടു.
വിമർശനം ശക്തമായതോടെ ബൈക്കുകളുടെ നമ്പറും ദൃശ്യങ്ങളും പരിശോധിച്ച ട്രാഫിക് പോലീസ്, യുവാക്കൾക്കെതിരെ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. വൻതുക പിഴ ഈടാക്കുന്നതിനൊപ്പം ഇവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും പോലീസ് സ്വീകരിച്ചേക്കും.
റോഡിലെ മറ്റു യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ ഇത്തരം അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് പാറ്റ്‌ന ട്രാഫിക് പോലീസ് അറിയിച്ചു.