

ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഒളിച്ചോടിയെന്നാരോപിച്ച് കൗമാരക്കാരനെ ക്രൂരമായി മർദിച്ച ശേഷം ഒന്നര കിലോമീറ്ററോളം നഗ്നനാക്കി നടത്തിച്ചു. മധ്യപ്രദേശിലെ ഉജ്ജൈനിലാണ് മനുഷ്യത്വഹീനമായ ഈ സംഭവം അരങ്ങേറിയത്. പെൺകുട്ടിയുടെ ബന്ധുക്കളടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മൂന്ന് മാസം മുൻപാണ് ആൺകുട്ടിയും പെൺകുട്ടിയും ഒളിച്ചോടിയത്. പിന്നീട് ഇവർ തിരിച്ചെത്തുകയും ആൺകുട്ടി ഒരു മാസം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കുട്ടി, രോഗബാധിതയായ തന്റെ അമ്മയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താൻ നാട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പിടികൂടിയത്.
കുട്ടിയെ ഒരു മുറിയിൽ പൂട്ടിയിട്ട് മർദിച്ച ശേഷം വസ്ത്രങ്ങൾ അഴിപ്പിച്ചു. തുടർന്ന് മുഖത്ത് കരിതേച്ച് കല്ലുകൾ നിറഞ്ഞ വഴിയിലൂടെ ഒന്നര കിലോമീറ്ററോളം ആൾക്കൂട്ടത്തിന് മുന്നിലൂടെ നടത്തിക്കുകയായിരുന്നു. നീതി ലഭിച്ചില്ലെങ്കിൽ താൻ ജീവനൊടുക്കുമെന്ന് ആൺകുട്ടി പോലീസിനോട് പറഞ്ഞു. പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു. നാല് പേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.