

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (MCD) പരിധിയിലെ തെരുവ് നായ്ക്കളെ ഡിജിറ്റലായി ട്രാക്ക് ചെയ്യുന്നതിനായി മൈക്രോചിപ്പിംഗ് പദ്ധതിക്ക് തുടക്കമായി. നായ്ക്കളുടെ ഐഡന്റിറ്റി, വാക്സിനേഷൻ ചരിത്രം, ആരോഗ്യസ്ഥിതി എന്നിവ രേഖപ്പെടുത്തുന്നതിനാണ് 35 കോടി രൂപയുടെ ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഓരോ നായയുടെയും തൊലിക്കടിയിൽ ഒരു സംയോജിത ചിപ്പ് ഘടിപ്പിക്കും. ഇതിലൂടെ നായയുടെ കൃത്യമായ വിവരങ്ങൾ ഡിജിറ്റലായി ലഭ്യമാകും. ആകെ അനുവദിച്ച 35 കോടിയിൽ 20 കോടി രൂപ കോർപ്പറേഷൻ നേരിട്ട് ചെലവഴിക്കും. ബാക്കി 15 കോടി രൂപ മൃഗക്ഷേമ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് (NGO) കൈമാറും.
ആദ്യ മൂന്ന് മാസത്തിനുള്ളിൽ 25,000 നായ്ക്കൾക്ക് ചിപ്പ് ഘടിപ്പിക്കാനാണ് തീരുമാനം. ഒരു ചിപ്പിന് ഏകദേശം 300 രൂപയോളം ചെലവ് വരും.
2026-27 ബജറ്റിൽ വെറ്ററിനറി സേവനങ്ങൾക്കായി നീക്കിവെച്ച 131.06 കോടി രൂപയിൽ നിന്നാണ് ഈ തുക കണ്ടെത്തുന്നത്.
അതേസമയം , പദ്ധതിക്കെതിരെ ഇതിനോടകം തന്നെ ചില കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. വിവരങ്ങൾ ശേഖരിക്കുമെങ്കിലും തെരുവ് നായ്ക്കളുടെ ആക്രമണം എങ്ങനെ ഇതുവഴി തടയാനാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല.നേരത്തെ വായു മലിനീകരണം കുറയ്ക്കാൻ കൃത്രിമ മഴ പെയ്യിക്കാനായി കോടികൾ ചെലവഴിച്ചിട്ടും ഫലം കാണാത്തത് ചൂണ്ടിക്കാട്ടിയാണ് പലരും വിമർശിക്കുന്നത്.
15 കോടി രൂപ സന്നദ്ധ സംഘടനകൾക്ക് നൽകുന്നതിലും സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
തലസ്ഥാനത്തെ കുരങ്ങുകളെ പിടികൂടി മാറ്റിപ്പാർപ്പിക്കാൻ 60 ലക്ഷം രൂപ അനുവദിച്ചതിന് പിന്നാലെയാണ് നായ്ക്കൾക്കായുള്ള ഈ പുതിയ ഡിജിറ്റൽ സംവിധാനം.