സഹർസ: ബിഹാറിലെ സഹർസ ജില്ലയിലുള്ള സിമ്രി ബക്തിയാർപൂർ ടൗണിൽ നടന്ന വിവാഹത്തിനിടെ ഭക്ഷണത്തെച്ചൊല്ലി വധുവിന്റെയും വരന്റെയും വീട്ടുകാർ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ 12 പേർക്ക് പരിക്ക്. സൽക്കാരത്തിൽ മട്ടൺ വിളമ്പുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും പകരം ചിക്കൻ വിളമ്പിയതാണ് സംഘർഷത്തിൽ കലാശിച്ചത്. (Bihar Wedding Brawl)
വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ചടങ്ങുകൾ വളരെ സമാധാനപരമായാണ് പൂർത്തിയായത്. എന്നാൽ തുടർന്നു നടന്ന സൽക്കാരത്തിനിടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. മട്ടൺ പ്രതീക്ഷിച്ചിരുന്ന വരന്റെ വീട്ടുകാർക്ക് ചിക്കൻ വിളമ്പിയതോടെ ഇവർ പ്രതിഷേധിക്കുകയും ഇത് വധുവിന്റെ വീട്ടുകാരുമായി വാക്കേറ്റത്തിലേക്ക് നയിക്കുകയുമായിരുന്നു. വാക്കേറ്റം പിന്നീട് കയ്യാങ്കളിയിൽ കലാശിച്ചു.
സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വടി കൊണ്ടും വാൾ വീശിയും ആളുകൾ തമ്മിലടിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമാണ്. പരിക്കേറ്റവരെ സിമ്രി ബക്തിയാർപൂരിലെ സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Summary: A wedding celebration in Simri Bakhtiyarpur, Bihar, turned violent after a dispute erupted between the groom’s and bride’s families over the wedding menu. The groom’s side was allegedly promised mutton for lunch, but were served chicken instead, leading to a fierce brawl that left around 12 people injured. Videos showing guests hitting each other with sticks and waving swords have gone viral, and the police have since intervened to control the situation and launched an investigation.

