HomeCrimeജയ്‌പൂർ കൊലപാതകത്തിൽ വൻ ട്വിസ്റ്റ്!: അമ്മയെ കാറിടിച്ചു കൊന്ന കേസിൽ അറസ്റ്റിലായ...

ജയ്‌പൂർ കൊലപാതകത്തിൽ വൻ ട്വിസ്റ്റ്!: അമ്മയെ കാറിടിച്ചു കൊന്ന കേസിൽ അറസ്റ്റിലായ മകൾ അച്ഛനെയും വധിച്ചെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പോലീസ് | Jaipur law student Ayushi Sharma

ജയ്‌പൂർ: നീരജ് ശർമ്മയെ ആസൂത്രിതമായി കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പുതിയ വഴിത്തിരിവ്. കേസിൽ അറസ്റ്റിലായ മകൾ ആയുഷി ശർമ്മ (23), അച്ഛൻ വിജയ് ശർമ്മയുടെ മരണത്തിലും പങ്കാളിയാണെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. ഇതേത്തുടർന്ന് 2025-ൽ നടന്ന വിജയ് ശർമ്മയുടെ മരണത്തെക്കുറിച്ചും ജയ്‌പൂർ പോലീസ് പുതിയ അന്വേഷണം ആരംഭിച്ചു. കുടുംബ സ്വത്തും അച്ഛന്റെ സർക്കാർ ജോലിയും തട്ടിയെടുക്കാൻ ആയുഷിയും ഒളിവിൽ കഴിയുന്ന ബന്ധു ബൽറാമും ചേർന്ന് നടത്തിയ വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ് ഈ രണ്ട് മരണങ്ങളുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.(Jaipur law student Ayushi Sharma suspected of killing father after mothers murder)

രാജസ്ഥാൻ ഹൈക്കോടതിയിൽ കോർട്ട് മാസ്റ്ററായിരുന്ന വിജയ് ശർമ്മ 2024-ൽ മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പിന്നീട് ഇദ്ദേഹം സുഖം പ്രാപിച്ചുവരികയായിരുന്നെങ്കിലും, മികച്ച ചികിത്സ നൽകാമെന്ന് പറഞ്ഞ് മകൾ ആയുഷിയും കസിൻ ബൽറാമും ചേർന്ന് ഇദ്ദേഹത്തെ മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നുവെന്ന് നീരജിന്റെ സഹോദരൻ രാകേഷ് ശർമ്മ നൽകിയ പരാതിയിൽ പറയുന്നു. മൂന്ന് മാസത്തോളം അച്ഛനെ എവിടെയാണ് പാർപ്പിച്ചതെന്ന് ആയുഷി വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പിന്നീട് ജയ്‌പൂരിലെ നിവിക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച വിജയ് ശർമ്മയുടെ ശരീരത്തിലെ 90 ശതമാനം അവയവങ്ങളും പ്രവർത്തനരഹിതമായിക്കഴിഞ്ഞിരുന്നു. തുടർന്ന് വീട്ടിലെത്തിച്ച വിജയ് ശർമ്മ 2025 ഏപ്രിലിൽ മരണപ്പെടുകയായിരുന്നു.

ഫീഡിങ് ട്യൂബ് ഊരിമാറ്റിയാണ് അച്ഛനെ കൊലപ്പെടുത്തിയതെന്നും, അച്ഛനെ കൊന്ന തനിക്ക് അമ്മയെ കൊല്ലാൻ വലിയ പാടില്ലെന്ന് പറഞ്ഞ് ആയുഷി ഒരിയ്ക്കൽ അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ വെളിപ്പെടുത്തലുണ്ട്. ഇതിന് പിന്നാലെ തനിക്ക് ജീവിക്കാൻ ഇനി രണ്ട് ദിവസം കൂടിയേ ഉള്ളൂ എന്ന് നീരജ് ശർമ്മ വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നതായും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. അച്ഛൻ മരിച്ചയുടൻ തന്നെ അദ്ദേഹത്തിന്റെ സർക്കാർ ജോലി ആശ്രിത നിയമനം വഴി നേടിയെടുക്കാനും സ്വത്തുക്കൾ സ്വന്തം പേരിലാക്കാനും നിയമവിദ്യാർത്ഥി കൂടിയായ ആയുഷി ശ്രമം തുടങ്ങിയിരുന്നു.

കഴിഞ്ഞ ജൂലൈ 3-നാണ് ലോവർ ഡിവിഷൻ ക്ലർക്കായ നീരജ് ശർമ്മയെ ജയ്‌പൂരിലെ പ്രതാപ് നഗറിൽ വെച്ച് സ്‌കോർപ്പിയോ എസ്‌യുവി ഇടിച്ചു തെറിപ്പിച്ചു കൊന്നത്. റോഡപകടമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച കേസിൽ ആയുഷി ഉൾപ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭിന്നശേഷിക്കാരനായ സഹോദരന് ലഭിക്കുന്ന പരിഗണന തനിക്ക് ലഭിക്കുന്നില്ലെന്ന വൈരാഗ്യവും സ്വത്തുതർക്കവുമാണ് അമ്മയെ കൊല്ലാൻ പ്രേരിപ്പിച്ചതെന്ന് എൽ.എൽ.ബി അവസാന വർഷ വിദ്യാർത്ഥിനിയായ ആയുഷി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഒളിവിൽ കഴിയുന്ന മുഖ്യസൂത്രധാരൻ ബൽറാമിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായും, പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജയ് ശർമ്മയുടെ മരണത്തിൽ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും ഡിസിപി രഞ്ജിത ശർമ്മ അറിയിച്ചു.

Story Summary

The investigation into the murder of Jaipur resident Neeraj Sharma took a new turn after a fresh complaint alleged that her daughter Ayushi Sharma, who is currently under arrest, also murdered her father Vijay Sharma in 2025 by removing his feeding tube to acquire family property and a government job. Jaipur police have initiated a probe into the fresh allegations.

Clickable Info Box