നളന്ദ: മരത്തിൽ നിന്ന് നാരങ്ങ പറിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ബിഹാറിൽ കൗമാരക്കാരനെ തല്ലിക്കൊന്നു. ബിഹാറിലെ നളന്ദ ജില്ലയിലുള്ള സക്രവ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത് (Bihar Boy Killed Over Plucking Lemons). പ്രതിയുടെ പുരയിടത്തിലെ മരത്തിൽ നിന്ന് കുട്ടി നാരങ്ങ പറിച്ചതാണ് തർക്കത്തിന് കാരണമായതെന്ന് ഗ്രാമവാസികൾ പറയുന്നു. തുടർന്നുണ്ടായ പ്രകോപനത്തിൽ ഒരു വൃദ്ധൻ കൗമാരക്കാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടി ചൊവ്വാഴ്ചയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സദർ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലം ജില്ലാ മജിസ്‌ട്രേറ്റും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സന്ദർശിച്ചു. സംഭവത്തിന് പിന്നാലെ ഗ്രാമത്തിൽ വലിയ തോതിൽ പ്രതിഷേധം ഉയർന്നു. പോലീസ് സ്ഥലത്തെത്തിയപ്പോൾ രോഷാകുലരായ നാട്ടുകാർ തടയാൻ ശ്രമിച്ചതോടെ സ്ഥിതിഗതികൾ ശാന്തമാക്കാൻ പോലീസിന് നേരിയ തോതിൽ ബലം പ്രയോഗിക്കേണ്ടി വന്നു. നിലവിൽ ഗ്രാമത്തിൽ സ്ഥിതി നിയന്ത്രണവിധേയമാണ്.
കുറ്റവാളിക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്ന് എസ്പി ഭരത് സോണി വ്യക്തമാക്കി. സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Summary: A teenage boy was allegedly beaten to death by an elderly man in Bihar’s Nalanda district after a dispute over plucking lemons from a tree. The incident, which occurred in Sakrawa village, led to protests by local villagers, forcing the police to use mild force to maintain order. SP Bharat Soni stated that the body has been sent for post-mortem and an investigation is underway to ensure the strictest punishment for the culprit.

