യു.പിയിൽ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; പൊലീസുകാരനെ ആൾക്കൂട്ടം നഗ്നനാക്കി കെട്ടിയിട്ട് മർദിച്ചു

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ പൊലീസുകാരനെ തൂണിൽ കെട്ടിയിട്ട് നഗ്നനാക്കി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിനാണ് ഇയാളെ ഒരു സംഘം ഗ്രാമീണർ ക്രൂരമായി മർദിക്കുന്നത്. സന്ദീപ് കുമാർ എന്നാണ് ഇയാളുടെ പേര്.
വീടിന്റെ മുകളിൽ കയറി മേൽക്കൂര നീക്കി അകത്ത് കടന്ന പൊലീസുകാരൻ അവിടെയുണ്ടായിരുന്ന പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ഉച്ചത്തിൽ ബഹളം വെച്ചതിനെ തുടർന്നാണ് വീട്ടുകാർ എത്തിയത്. പൊലീസുകാരൻ മദ്യപിച്ച നിലയിലായിരുന്നു.

വീട്ടുകാർ ഉടൻ ഗ്രാമവാസികളെ വിളിച്ചുകൂട്ടുകയും രോഷാകുലരായ ആൾക്കൂട്ടം പൊലീസുകാരനെ നഗ്നനാക്കി തൂണിൽ കെട്ടിയിട്ട് മർദിക്കുകയുമായിരുന്നു. ഒടുവിൽ പൊലീസ് എത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സമൂഹമാധ്യമങ്ങളിൽ മർദന വിഡിയോ വൈറലായതിനു പിന്നാലെ സംഭവത്തിൽ വകുപ്പ് തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ ബലാൽസംഗശ്രമത്തിന് കേസെടുക്കുകയും ചെയ്തു. സബ് ഇൻസ്പെക്ടർ ആയിരുന്ന സന്ദീപിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.