

ന്യൂഡൽഹി: കഴിഞ്ഞ ഐപിഎൽ സീസണിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നായകൻ റിഷഭ് പന്ത് സ്പിന്നർ രവി ബിഷ്‌ണോയിയെ കൃത്യമായി ഉപയോഗിച്ചില്ലെന്ന് മുൻ താരം ഇർഫാൻ പത്താൻ ( Irfan Pathan). ജിയോ സ്റ്റാർ സംഘടിപ്പിച്ച ചർച്ചയിലാണ് ഇർഫാൻ തന്റെ നിരീക്ഷണം പങ്കുവെച്ചത്. ഇത്തവണത്തെ ലേലത്തിൽ ബിഷ്‌ണോയിയെ ഒഴിവാക്കി വാനിന്ദു ഹസരംഗയെ ടീമിലെത്തിച്ചത് ലഖ്‌നൗവിന് ഗുണകരമാകുമെന്നും പത്താൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 10.83 ഇക്കോണമിയിൽ 9 വിക്കറ്റുകൾ മാത്രമാണ് ബിഷ്‌ണോയിക്ക് നേടാനായത്. നായകൻ റിഷഭ് പന്തിന് താരത്തിലുള്ള വിശ്വാസക്കുറവാണ് ഇതിന് കാരണമെന്ന് ഇർഫാൻ വിലയിരുത്തുന്നു. 2 കോടി രൂപയ്ക്ക് വാനിന്ദു ഹസരംഗയെ സ്വന്തമാക്കിയത് ലഖ്‌നൗവിന് വലിയ നേട്ടമാണ്. ബിഷ്‌ണോയിക്ക് പകരം ഹസരംഗ വരുന്നത് ടീമിന് കരുത്ത് പകരും. ലഖ്‌നൗവിന്റെ ബാറ്റിംഗ് നിരയിൽ കൂടുതൽ ലോകോത്തര താരങ്ങളെ ആവശ്യമുണ്ട്. ലിയാം ലിവിംഗ്സ്റ്റണെപ്പോലെയുള്ള ഒരു താരത്തെ ടീം സ്വന്തമാക്കണമായിരുന്നു എന്ന് ഇർഫാൻ അഭിപ്രായപ്പെട്ടു.
മുൻ താരം ആകാശ് ചോപ്രയും ലഖ്‌നൗ ടീമിലെ ആശങ്കകൾ പങ്കുവെച്ചു. മുഹമ്മദ് ഷമി, ആവേശ് ഖാൻ, മയങ്ക് യാദവ്, ഹസരംഗ എന്നിവരടങ്ങുന്ന ബൗളിംഗ് നിര ശക്തമാണെങ്കിലും, അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങളിൽ ഇറങ്ങുന്ന ബാറ്റിംഗ് നിര ഇപ്പോഴും ഒരു ചോദ്യചിഹ്നമാണെന്ന് ചോപ്ര പറഞ്ഞു. അർജുൻ ടെണ്ടുൽക്കർ ഇത്തവണ ലഖ്‌നൗ നിരയിലുണ്ട്. അടുത്തിടെ നടന്ന ലേലത്തിൽ 7.4 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസാണ് രവി ബിഷ്‌ണോയിയെ സ്വന്തമാക്കിയത്.
Former Indian cricketer Irfan Pathan stated that LSG captain Rishabh Pant showed a "lack of trust" in leg-spinner Ravi Bishnoi during the IPL 2025 season. Speaking on a post-auction review, Pathan noted that Bishnoi's underutilization led to his eventual move to Rajasthan Royals for ₹7.4 crore. While Pathan praised the addition of Wanindu Hasaranga for ₹2 crore, he and Aakash Chopra expressed concerns over LSG's lower-order batting depth despite improvements in their bowling attack for the IPL 2026 season.