ന്യൂഡൽഹി: ഉന്നാവോ പീഡനക്കേസിലെ പ്രതി കുൽദീപ് സിങ് സേംഗറിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് രാജ്യതലസ്ഥാനത്ത് കടുത്ത പ്രതിഷേധം. പ്രതിഷേധവുമായി രംഗത്തിറങ്ങിയ അതിജീവിതയുടെ മാതാവിനെ സിആർപിഎഫ് ഉദ്യോഗസ്ഥർ മർദ്ദിക്കുകയും ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയും ചെയ്തതായി റിപ്പോർട്ട് ചെയ്തു.(Officers assaulted Unnao rape case survivor's mother, says Report)
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്ന സേംഗറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് അതിജീവിതയും കുടുംബവും പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഇന്ത്യ ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ച ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇന്ന് രാവിലെ മാധ്യമങ്ങളെ കാണാൻ ശ്രമിച്ച അതിജീവിതയെയും മാതാവിനെയും സിആർപിഎഫ് ബസിൽ കയറ്റി കൊണ്ടുപോയി. ബസിനുള്ളിൽ വനിതാ ഉദ്യോഗസ്ഥർ ആരും ഉണ്ടായിരുന്നില്ലെന്ന് മാതാവ് ആരോപിച്ചു. യാത്രാമധ്യേ തന്നെ മർദ്ദിച്ചതായും ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് റോഡിലേക്ക് തള്ളിയിട്ടതായും മാതാവ് പറഞ്ഞു.
"എന്റെ മകളെ അവർ ബന്ദിയാക്കിയിരിക്കുകയാണ്. ഞങ്ങളെ കൊല്ലാനാണ് അവർ ശ്രമിക്കുന്നത്" എന്ന് റോഡിൽ വീണ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇവരെ റോഡിൽ ഉപേക്ഷിച്ച ശേഷം പെൺകുട്ടിയുമായി ബസ് ഓടിച്ചുപോയതായും റിപ്പോർട്ടുണ്ട്. പ്രതിഷേധിക്കാൻ അനുമതിയില്ലാത്തതിനാലാണ് ഇവരെ നീക്കം ചെയ്തതെന്നും തിരികെ വീട്ടിലെത്തിക്കാനാണ് ശ്രമിച്ചതെന്നുമാണ് സിആർപിഎഫ് നൽകുന്ന വിശദീകരണം.