ബംഗളൂരു: കർണാടകയിലെ തെക്കലക്കോട്ടയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75), വിജയ് (70), സന്ധ്യ (35) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ബുധനാഴ്ച പുലർച്ചെയോടെയാണ് അപകടമുണ്ടായത്.അമിതവേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് തലകീഴായി മറിയുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.പ്രസാദ് റാവു, വിജയ്, സന്ധ്യ എന്നിവർ അപകടസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
പരിക്കേറ്റ രണ്ട് പേരെ സമീപത്തെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ സിരുഗപ്പ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുലർച്ചെയുണ്ടായ മഞ്ഞുവീഴ്ചയോ ഡ്രൈവർ ഉറങ്ങിപ്പോയതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.