ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ എസി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഭർത്താവുമായുണ്ടായ തർക്കത്തിന് പിന്നാലെ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുല്ലാരംപാക്കം സ്വദേശി മോണിക്ക ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(Argument with husband over buying AC, 23-year-old woman found dead )
വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ മോണിക്കയും ഭർത്താവ് ആകാശും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ എസി വാങ്ങുന്നതിനെച്ചൊല്ലി ഇരുവർക്കും ഇടയിൽ കടുത്ത തർക്കമുണ്ടായി. തർക്കത്തിന് ശേഷം ആകാശും മാതാപിതാക്കളും സഹോദരനും വീടിന്റെ ടെറസിൽ ഉറങ്ങാൻ പോയതായാണ് മൊഴി നൽകിയിരിക്കുന്നത്.
രാവിലെ താഴെ എത്തിയപ്പോൾ മോണിക്കയുടെ മുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നി വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മോണിക്കയെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മോണിക്കയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ മാതാപിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

