ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി അമിതാഭ് ബച്ചന്‍; ബൈക്കില്‍ കൃത്യസമയത്ത് ലൊക്കേഷനിലെത്തിച്ച് ആരാധകന്‍
Mon, 15 May 2023

ട്രാഫിക് ബ്ലോക്കില്‍ കുടങ്ങിയ അമിതാഭ് ബച്ചനെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിച്ച് ആരാധകന്‍. ലിഫ്റ്റ് തന്നയാള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് അമിതാഭ് ബച്ചന്‍ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആരാധകന്റെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന തന്റെ ചിത്രവും അമിതാഭ് ബച്ചന്‍ പങ്കുവെച്ചിട്ടുണ്ട്. നിലവിൽ താരം ചിത്രീകരണ വേളയിലെ അപകടത്തെ തുടർന്ന് വിശ്രമത്തിലായത് കൊണ്ട് ഈ ചിത്രം എന്ന് എടുത്തതാണെന്ന് വ്യക്തമാക്കിയിട്ടില്ല.
ഗതാഗതക്കുരുക്കിൽ പെട്ട തന്നെ കൃത്യസമയത്ത് ഷൂട്ടിംഗ് സെറ്റിലെത്തിച്ച ബൈക്ക് യാത്രക്കാരന് നന്ദിയും താരം അറിയിച്ചു. “സവാരിക്ക് നന്ദി സുഹൃത്തേ.. നിങ്ങളെ അറിയില്ല.. എന്നാൽ നിങ്ങൾ എന്നെ നിർബന്ധിച്ച് ജോലിസ്ഥലത്ത് കൃത്യസമയത്ത് എത്തിച്ചു. മഞ്ഞ ടീ ഷര്‍ട്ടിട്ട തൊപ്പി ധരിച്ച സുഹൃത്തിന് നന്ദി”- അമിതാഭ് ബച്ചൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.