

ജയ്പുർ: രാജസ്ഥാനിലെ ചുരു ജില്ലയിൽ വനിതാ പോലീസ് കോൺസ്റ്റബിളിനെ സഹപ്രവർത്തകർ ചേർന്ന് പീഡിപ്പിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. സർദാർഷഹർ പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്തിരുന്ന കാലത്ത് എസ്‌ഐ ഉൾപ്പെടെയുള്ളവർ തന്നെ പീഡനത്തിന് ഇരയാക്കിയെന്നാണ് പോലീസുകാരിയുടെ പരാതി.
ചുരു ജില്ലാ പോലീസ് സൂപ്രണ്ടിനാണ് (SP) വനിതാ കോൺസ്റ്റബിൾ പരാതി നൽകിയത്. എസ്പിയുടെ നിർദ്ദേശപ്രകാരം നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇദ്ദ്മുഖ് എസ്എച്ച്ഒ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പീഡനം നടന്ന സമയത്ത് സർദാർഷഹർ സ്റ്റേഷനിൽ ഉണ്ടായിരുന്ന എസ്‌ഐ സുഭാഷ്, കോൺസ്റ്റബിൾമാരായ രവീന്ദ്ര, ജയ്‌വീർ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. ഇവരെ കൂടാതെ വിക്കി എന്ന മറ്റൊരാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
2017-ലാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് പരാതിയിൽ പറയുന്നത്. വർഷങ്ങൾക്കിപ്പുറമാണ് പോലീസുകാരി ഔദ്യോഗികമായി പരാതിയുമായി രംഗത്തെത്തിയത്.
കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അതേസമയം, പരാതി നൽകിയ വനിതാ കോൺസ്റ്റബിൾ നിലവിൽ സർവീസിൽ നിന്ന് സസ്‌പെൻഷനിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അച്ചടക്കലംഘനത്തിന്റെ പേരിലാണ് ഇവർക്കെതിരെ നേരത്തെ നടപടി സ്വീകരിച്ചിരുന്നത്. സസ്‌പെൻഷന് പിന്നാലെയാണോ പരാതി നൽകിയതെന്ന കാര്യമുൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.