മകളെ വിവാഹം കഴിപ്പിച്ച് നൽകാത്തതിന്റെ വൈരാഗ്യം; ബെംഗളൂരുവിൽ പെൺകുട്ടിയുടെ അമ്മയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തി | Bengaluru lover kills mother-in-law

crime
Updated on

ബെംഗളൂരു: വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് പെൺകുട്ടിയുടെ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. ബെംഗളൂരു ബസവേശ്വരനഗർ സനെഗുരുവനഹള്ളിയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനി ഗീത (40) ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ മുത്തു അഭിമന്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഡിസംബർ 22-ന് രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഗീതയുടെ മകളും മുത്തുവും തമ്മിൽ പ്രണയത്തിലായിരുന്നു. തുടക്കത്തിൽ ഇവർ തമ്മിലുള്ള വിവാഹത്തിന് ഗീത സമ്മതിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആറുമാസമായി ഇവരുടെ വീട്ടിൽ താമസിച്ചിരുന്ന മുത്തുവിന്റെ അമിത മദ്യപാനവും മോശം പെരുമാറ്റവും കാരണം ഗീത വിവാഹത്തിൽ നിന്ന് പിന്മാറി.

ഇതിന്റെ വൈരാഗ്യത്തിൽ ഡിസംബർ 22-ന് രാത്രി ഗീതയുമായി മുത്തു വഴക്കിട്ടു. തുടർന്ന് ഗീത ഉറങ്ങിക്കിടക്കുമ്പോൾ അവരുടെ മേൽ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. 50 ശതമാനത്തോളം പൊള്ളലേറ്റ ഗീത 16 ദിവസമായി വിക്ടോറിയ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.

കൃത്യത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന മുത്തു അഭിമന്യുവിനെ ബെംഗളൂരു ബസവേശ്വരനഗർ പോലീസ് നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് പിടികൂടിയത്. സംഭവസമയം വീട്ടിലുണ്ടായിരുന്ന മകൾ അയൽവാസികളുടെ സഹായത്തോടെയാണ് തീ അണച്ചത്.

വീടിനടുത്ത് ചെറിയ കട നടത്തിയാണ് തമിഴ്‌നാട് സ്വദേശിയായ ഗീതയും മകളും ഉപജീവനം നടത്തിയിരുന്നത്. മകളുടെ കൺമുന്നിൽ വെച്ചുണ്ടായ ഈ ദാരുണമായ കൊലപാതകം ബെംഗളൂരു മലയാളി സമൂഹത്തിനിടയിലും വലിയ നൊമ്പരമായി.

Related Stories

No stories found.
Times Kerala
timeskerala.com