

ഭോപ്പാൽ: പ്രായവ്യത്യാസം മറന്ന് മുതിർന്ന ബിജെപി നേതാവ് യുവരാജാവിന്റെ കാൽതൊട്ട് വണങ്ങിയത് മധ്യപ്രദേശ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു. 73 വയസ്സുള്ള എംഎൽഎ ദേവേന്ദ്ര കുമാർ ജെയ്നാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ മകനായ 31 വയസ്സുകാരൻ മഹാര്യമാൻ സിന്ധ്യയുടെ പാദം വണങ്ങിയത്.
ശിവപുരി ജില്ലാ സ്റ്റേഡിയത്തിൽ നടന്ന 69-ാമത് നാഷണൽ സ്കൂൾ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. തിങ്കളാഴ്ച എംഎൽഎ ദേവേന്ദ്ര കുമാറിന്റെ ജന്മദിനം കൂടിയായിരുന്നു. സ്റ്റേഡിയത്തിൽ വെച്ച് കേക്ക് മുറിച്ചതിന് പിന്നാലെയാണ് അദ്ദേഹം വേദിയിലുണ്ടായിരുന്ന മഹാര്യമാൻ സിന്ധ്യയുടെ കാൽതൊട്ട് വന്ദിച്ചത്.
ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ "രാജകുടുംബത്തോടുള്ള അടിമത്തം" എന്ന രീതിയിൽ വലിയ വിമർശനങ്ങൾ ഉയർന്നു. വിവാദം കൊഴുത്തതോടെ തന്റെ പ്രവർത്തിയിൽ തെറ്റില്ലെന്ന ന്യായീകരണവുമായി ദേവേന്ദ്ര കുമാർ രംഗത്തെത്തി. "പ്രായത്തിൽ ഇളയവരുടെ കാൽ തൊട്ട് വന്ദിക്കാൻ പാടില്ലെന്ന് ഭരണഘടനയിൽ ഒരിടത്തും എഴുതിവെച്ചിട്ടില്ല. അത് എന്റെ വ്യക്തിപരമായ ഇഷ്ടമാണ്," എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംഭവം വലിയ ചർച്ചയായിട്ടും മഹാര്യമാൻ സിന്ധ്യയോ അദ്ദേഹത്തിന്റെ പിതാവ് ജ്യോതിരാദിത്യ സിന്ധ്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപി നേതൃത്വവും ഈ വിഷയത്തിൽ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല. ഗ്വാളിയോർ രാജകുടുംബത്തിന് മേഖലയിലുള്ള സ്വാധീനമാണ് മുതിർന്ന നേതാക്കളെപ്പോലും ഇത്തരത്തിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.