

ന്യൂഡൽഹി: രാഷ്ട്രീയത്തിനപ്പുറം ലളിതവും പരിസ്ഥിതി സൗഹൃദവുമായ ജീവിതം നയിക്കുന്ന നിതിൻ ഗഡ്കരിയുടെ വീടിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സംവിധായിക ഫറാ ഖാൻ നടത്തിയ ഹോം ടൂറിൽ മന്ത്രിയുടെ വസതിയിലെ കൗതുകകരമായ പല കാര്യങ്ങളും പുറത്തുവന്നു. വീടിന്റെ കോൺഫറൻസ് മുറിയിലെത്തിയ ഫറയെ അത്ഭുതപ്പെടുത്തിയത് അവിടുത്തെ ചുവരുകളായിരുന്നു.
മുറിയിലെ ചുവരുകളിൽ അടിച്ചിരിക്കുന്നത് ചാണകത്തിൽ നിന്ന് നിർമ്മിച്ച പ്രത്യേക തരം പെയിന്റാണെന്ന് ഗഡ്കരി വെളിപ്പെടുത്തി. പൂർണ്ണമായും ചാണകത്തിൽ നിന്ന് ഉത്പാദിപ്പിച്ച ഈ പെയിന്റ് പരിസ്ഥിതിക്ക് ദോഷകരമല്ലെന്നും സുസ്ഥിര വികസനത്തോടുള്ള തന്റെ താൽപ്പര്യത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളിൽ ഒരാളാണെങ്കിലും തന്റെ വീടിനുള്ളിൽ രാഷ്ട്രീയമില്ലെന്ന് ഗഡ്കരി വ്യക്തമാക്കി. ഔദ്യോഗിക ചർച്ചകൾക്ക് മുറികൾ ഉണ്ടെങ്കിലും വീടിന്റെ അന്തരീക്ഷം തികച്ചും വ്യക്തിപരമാണെന്ന് അദ്ദേഹം ഫറയോട് പറഞ്ഞു.
ഗഡ്കരിയുടെ സോഷ്യൽ മീഡിയ സാന്നിധ്യവും ഫറയെ അമ്പരപ്പിച്ചു. തന്റെ യൂട്യൂബ് ചാനലിലെ വീഡിയോകൾക്ക് ആഗോളതലത്തിൽ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന് ഗഡ്കരി പറഞ്ഞു അമേരിക്കയിൽ നിന്ന് പോലും തന്റെ ചാനലിലെ ഉള്ളടക്കത്തെക്കുറിച്ച് ഫോൺ കോളുകൾ വരാറുണ്ട്.
തന്റെ വീഡിയോകൾക്ക് ഇതിനോടകം 4.5 കോടി കാഴ്ചക്കാരെ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവം സൃഷ്ടിച്ച മന്ത്രി എന്നതിലുപരി, ഗാർഹിക ജീവിതത്തിലും നൂതനമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഗഡ്കരി ശ്രദ്ധിക്കുന്നുണ്ടെന്ന് വീഡിയോ വ്യക്തമാക്കുന്നു.