രണ്ടര കോടിയുടെ സ്വര്‍ണം കടത്താന്‍ ശ്രമം ; നെടുമ്പാശ്ശേരിയില്‍ രണ്ടു പേർ പിടിയില്‍

gold rate
 എറണാകുളം : രണ്ടര കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച തമിഴ്നാട്ടുകാരായ  രണ്ട് യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസിന്‍റെ പിടിയിലായി. തമിഴ്‌നാട് രാമനാഥപുരം സ്വദേശികളായ സെയ്‌ദ്‌ അബു താഹിർ, ബറകത്തുള്ള എന്നിവരാണ് പിടിയിലായത്. വ്യാജ പേരില്‍ ടിക്കറ്റെടുത്ത് മുംബൈയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ വന്നിറങ്ങിയ ഇവരെ തന്ത്രപൂർവ്വം നടത്തിയ നീക്കത്തിലൂടെ പിടികൂടുകയായിരുന്നു. വാസുദേവൻ, അരുൾ ശെൽവം എന്നീ പേരുകളിലാണ് ഇവര്‍ ടിക്കറ്റെടുത്ത് നെടുമ്പാശ്ശേരിയിലെത്തിയത്. ഇരുവരുടെയും കൈവശമുണ്ടായിരുന്ന ബാഗുകളില്‍ പത്ത് കാപ്സ്യൂളുകളുടെ രൂപത്തിലാക്കിയാണ് 6454 ഗ്രാം സ്വർണം ഒളിപ്പിച്ചിരുന്നത്.  ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇരുവർക്കെതിരെ കേസെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്.  

Share this story