ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി വാദ്രയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് പിന്തുണച്ചതിന് പിന്നാലെ, നിലവിലെ രാജ്യത്തെ യഥാർത്ഥ പ്രശ്നങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്ര. ഇത്തരം ആവശ്യങ്ങൾ സ്വാഭാവികമാണെങ്കിലും വിഭജന രാഷ്ട്രീയത്തേക്കാൾ ഐക്യത്തിനാണ് ഇപ്പോൾ മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം ചൊവ്വാഴ്ച പറഞ്ഞു.(We need to focus on the real issues, says Robert Vadra)
ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടയിൽ പ്രിയങ്ക ഗാന്ധി ശക്തമായി പ്രതികരിച്ചില്ലെന്ന് ബിജെപി ആരോപിക്കുന്നതിനിടെയാണ് ഇമ്രാൻ മസൂദ് പ്രിയങ്കയെ പിന്തുണച്ച് രംഗത്തെത്തിയത്. "പ്രിയങ്കയെ പ്രധാനമന്ത്രിയാക്കൂ, ഇന്ദിരാഗാന്ധിയെപ്പോലെ അവർ എങ്ങനെ തിരിച്ചടിക്കുമെന്ന് അപ്പോൾ കാണാം. പാകിസ്ഥാന് ഉണങ്ങാത്ത മുറിവേൽപ്പിച്ച ഇന്ദിരയുടെ കൊച്ചുമകളാണ് അവർ," എന്നായിരുന്നു മസൂദിന്റെ വാക്കുകൾ.
മസൂദിന്റെ പ്രസ്താവന രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള വിശ്വാസമില്ലായ്മയാണ് കാണിക്കുന്നതെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല പരിഹസിച്ചു. "പ്രിയങ്ക മുന്നോട്ട് വരണം എന്ന അഭിപ്രായം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട് എന്ന് പറഞ്ഞ റോബർട്ട് വാദ്ര, താനും രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് ആവശ്യപ്പെടുന്നവരുണ്ട് എന്നും, എന്നാൽ ഇപ്പോൾ മലിനീകരണം, വിദ്യാഭ്യാസം, തൊഴിലില്ലായ്മ തുടങ്ങിയ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിലാണ് ശ്രദ്ധ വേണ്ടത് എന്നും കൂട്ടിച്ചേർത്തു.