ന്യൂഡൽഹി: ബംഗ്ലാദേശിലെ ഹിന്ദു വേട്ടയ്ക്കും ദീപു ചന്ദ്രദാസിന്റെ കൊലപാതകത്തിനുമെതിരെ ഇന്ത്യയിൽ പ്രതിഷേധം പടരുന്ന സാഹചര്യത്തിൽ, ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഇന്ത്യയിലെ തങ്ങളുടെ നയതന്ത്ര സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണിയുണ്ടെന്നും ബംഗ്ലാദേശ് ആരോപിച്ചു.(Strong protests in front of embassies, Bangladesh summons Indian ambassador)
നയതന്ത്ര സ്ഥാപനങ്ങൾക്കെതിരായ ആസൂത്രിത അക്രമങ്ങളെയും ഭീഷണികളെയും അപലപിക്കുന്നതായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം സംഭവങ്ങൾ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയെ അപകടപ്പെടുത്തുന്നതിനൊപ്പം ഇരുരാജ്യങ്ങൾക്കുമിടയിലുള്ള പരസ്പര ബഹുമാനത്തെ ദുർബലപ്പെടുത്തുന്നുവെന്നും അവർ വ്യക്തമാക്കി.
ദീപു ചന്ദ്രദാസിനെ ആൾക്കൂട്ടം മർദ്ദിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് വിവിധയിടങ്ങളിൽ ഹൈന്ദവ സംഘടനകൾ തെരുവിലിറങ്ങി. ദുർഗാബായ് ദേശ്മുഖ് മെട്രോ സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാർ ഹൈക്കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. പോലീസ് സന്നാഹത്തിന് പുറമെ അർധസൈനിക വിഭാഗത്തെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ സിലിഗുരിയിലുള്ള ബംഗ്ലാദേശ് നയതന്ത്ര കാര്യാലയത്തിന് മുന്നിലും വൻ പ്രതിഷേധം അരങ്ങേറി.
ഇന്ത്യാവിരുദ്ധ നിലപാടുള്ള വിദ്യാർത്ഥി നേതാവ് ഉസ്മാൻ ഹാദി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബംഗ്ലാദേശിൽ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതിനിടയിലാണ് ദീപു ചന്ദ്രദാസ് എന്ന സാധാരണക്കാരനായ ഫാക്ടറി തൊഴിലാളി ക്രൂരമായി കൊല്ലപ്പെട്ടത്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കും ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങൾക്കും നേരെയുള്ള അക്രമങ്ങളിൽ ഇന്ത്യ നേരത്തെ തന്നെ കടുത്ത ആശങ്ക അറിയിച്ചിരുന്നു.