കൗശാംബി: ഉത്തർപ്രദേശിലെ കൗശാംബിയിൽ സർക്കാർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ 22-കാരിയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മെഡിക്കൽ എത്തിക്‌സിന്റെയും രോഗിയുടെ സ്വകാര്യതയുടെയും നഗ്നമായ ലംഘനമാണ് നടന്നതെന്ന ആക്ഷേപം ശക്തമാണ്.(22-year-old patient’s private photos leaked during surgery at medical college in Kaushambi, probe underway)
ഏപ്രിൽ 26-നാണ് യുവതിയെ ബാർത്തോലിൻ സിസ്റ്റ് ശസ്ത്രക്രിയയ്ക്കായി സ്വയംഭരണാധികാരമുള്ള സർക്കാർ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. മുതിർന്ന ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. എന്നാൽ, ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന രീതിയിലുള്ള ചിത്രങ്ങൾ ആരോ പകർത്തി പുറത്തുവിടുകയായിരുന്നു.
ഈ ദൃശ്യങ്ങൾ ഡോക്ടർമാരും ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും അടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വ്യാപകമായി പ്രചരിച്ചു. ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിലും ഈ ചിത്രങ്ങൾ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സംസ്ഥാന വനിതാ കമ്മീഷൻ അംഗം നൽകിയ പരാതിയെത്തുടർന്ന് കൗശാംബി എസ്പി സത്യനാരായണ പ്രജാപത് അന്വേഷണത്തിന് ഉത്തരവിട്ടു. ഡിഎസ്പി ശിവങ്ക് സിംഗിനാണ് അന്വേഷണ ചുമതല. “സംഭവം അതീവ ഗൗരവകരമാണ്. കുറ്റക്കാർ ആരായാലും രക്ഷപ്പെടില്ല. രോഗിയുടെ സ്വകാര്യത ലംഘിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കും.” – എസ്പി സത്യനാരായണ പ്രജാപത് വ്യക്തമാക്കി.
ആരാണ് ചിത്രങ്ങൾ പകർത്തിയതെന്നും അവ എങ്ങനെ ഗ്രൂപ്പുകളിൽ എത്തിയെന്നും പോലീസ് പരിശോധിച്ചുവരികയാണ്. സ്ഥാപനത്തിനകത്തെ ഗ്രൂപ്പുകളിൽ നിന്ന് വിവരങ്ങൾ ചോർന്നതാണോ എന്നും അന്വേഷിക്കുന്നുണ്ട്. നടന്നത് വലിയ തെറ്റാണെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സമ്മതിച്ചു. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പരാതി ഉയർന്നതിന് പിന്നാലെ ചിത്രങ്ങൾ ഗ്രൂപ്പുകളിൽ നിന്ന് നീക്കം ചെയ്തെങ്കിലും ഇതിനോടകം തന്നെ ദൃശ്യങ്ങൾ പലയിടത്തും പ്രചരിച്ചിരുന്നു.

