യു.പിയിൽ 19-കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് നഗ്നയാക്കി നടത്തി; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്; ഒരാൾ അറസ്റ്റിൽ

rape
 ലക്നൗ: ഉത്തർപ്ര​ദേശിൽ 19 വയസുള്ള പെൺകുട്ടിയെ അഞ്ചുപേർ ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. മൊറാദാബാദ് ജില്ലയിലെ ഭോജ്പൂർ ഗ്രാമത്തിൽ സെപ്റ്റംബർ ആറിനാണ്  സംഭവം നടന്നത്. 19 കാരിയായ പെൺകുട്ടിയെ അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും തുടർന്ന് പെൺകുട്ടിയെ നഗ്നയാക്കി വീട്ടിലേക്ക് നടത്തിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. സമീപത്തെ മേള സന്ദർശിക്കാൻ പോയതായിരുന്നു പെൺകുട്ടിയെന്ന് പൊലീസ് പറഞ്ഞു. വീട്ടിലേക്ക് മടങ്ങുമ്പോൾ അഞ്ച് പേർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം നഗ്നയാക്കി അയക്കുകയായിരുന്നു. പെൺകുട്ടി നഗ്നയായി നടക്കുന്ന ഒരു വീഡിയോ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയും ചെയ്തു. നാട്ടുകാർ പെൺകുട്ടിയെ വസ്ത്രം ഉപയോഗിച്ച് മറച്ച് വീട്ടിലെത്തിക്കുന്നതും വീഡിയോയിൽ കാണാം. മൊറാദാബാദ് (റൂറൽ) സൂപ്രണ്ട് സന്ദീപ് കുമാർ മീണയുടെ പ്രസ്താവന പ്രകാരം, പെൺകുട്ടിയുടെ മാതാപിതാക്കൾ കേസിൽ സഹകരിക്കാനോ പരാതി നൽകാനോ വിസമ്മതിച്ചു എന്നാണ് റിപ്പോർട്ട്. മകൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ഇവർ പറയുന്നതായും റിപ്പോർട്ടിൽ പറയുന്നു.

Share this story