തൃശൂർ: ജയിൽ സുരക്ഷയിൽ സാങ്കേതിക മുന്നേറ്റത്തിന് തുടക്കമിട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ എഐ അധിഷ്ഠിത ഡ്രോൺ നിരീക്ഷണ സംവിധാനത്തിന്റെ ട്രയൽ റൺ ആരംഭിച്ചു (Viyyur Prison AI Drone Surveillance). ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് പരീക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. രാജ്യത്ത് ആദ്യമായാണ് ജയിൽ സുരക്ഷയ്ക്കായി ഇത്തരമൊരു എഐ ഡ്രോൺ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ഡയറക്ടർ ജനറൽ എസ്. ശ്രീജിത്ത്, മധ്യമേഖല ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പ്രിസൺസ് എസ്. സജീവ് എന്നിവരും മുതിർന്ന ജയിൽ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ഡ്രോണിന്റെ പ്രവർത്തനരീതി, സുരക്ഷാ സംവിധാനങ്ങൾ, അടിയന്തര സാഹചര്യങ്ങളിലെ ഉപയോഗം എന്നിവയുടെ തത്സമയ അവതരണവും പ്രദർശനവും നടത്തി.
139 ഏക്കർ വിസ്തൃതിയുള്ള വിയ്യൂർ ജയിൽ സമുച്ചയത്തിൽ സെൻട്രൽ പ്രിസൺ, ഹൈ സെക്യൂരിറ്റി പ്രിസൺ, വനിതാ ജയിൽ, ജില്ലാ ജയിൽ, സബ് ജയിൽ എന്നിവ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ 1,700 മുതൽ 2,000 വരെ തടവുകാരെ പാർപ്പിക്കുന്ന ഈ സമുച്ചയത്തിലെ ചില ഭാഗങ്ങളിൽ ചുറ്റുമതിലുകളുടെ അഭാവം, മരങ്ങൾ നിറഞ്ഞ ഭൂപ്രകൃതി, പരിമിതമായ ജീവനക്കാർ എന്നിവ സുരക്ഷാ നിരീക്ഷണത്തിന് വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്.
മനുഷ്യവിഭവശേഷിക്കൊപ്പം ആധുനിക സാങ്കേതിക സംവിധാനങ്ങളും സംയോജിപ്പിച്ച് ജയിൽ സുരക്ഷയും നിരീക്ഷണവും കൂടുതൽ കാര്യക്ഷമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംശയാസ്പദമായ നീക്കങ്ങൾ വേഗത്തിൽ കണ്ടെത്താനും ഉദ്യോഗസ്ഥർക്ക് തത്സമയം മുന്നറിയിപ്പ് നൽകാനും ഡ്രോൺ സംവിധാനത്തിന് കഴിയും.
ഡ്രോൺ നിരീക്ഷണത്തിനൊപ്പം എഐ അധിഷ്ഠിത സിസിടിവി വിശകലന സംവിധാനവും പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചു. ക്യാമറ ദൃശ്യങ്ങളിൽ അസാധാരണമായ ചലനങ്ങളോ സുരക്ഷാ ഭീഷണികളോ കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്ക് ഉടൻ അലർട്ട് ലഭിക്കുന്ന സംവിധാനമാണിത്. പരീക്ഷണ പദ്ധതി വിജയകരമായാൽ സംസ്ഥാനത്തെ മറ്റ് ജയിലുകളിലേക്കും ഘട്ടംഘട്ടമായി സമാന എഐ അധിഷ്ഠിത ഡ്രോൺ, സിസിടിവി നിരീക്ഷണ സംവിധാനങ്ങൾ വ്യാപിപ്പിക്കുമെന്ന് ജയിൽ വകുപ്പ് അറിയിച്ചു.
Summary: Kerala has launched the country’s first AI-powered drone surveillance system inside Viyyur Central Prison on a trial basis. The initiative aims to strengthen prison security through advanced drone monitoring and AI-enabled CCTV analytics, with plans to expand the technology to other prisons if successful.


