ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ സമരം നടത്തുന്ന വിദ്യാർഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച സെൽഫി വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതികരണം സൃഷ്ടിച്ചു (Narendra Modi Instagram Followers Increase). വീഡിയോ പുറത്തുവന്ന് 24 മണിക്കൂറിനുള്ളിൽ പ്രധാനമന്ത്രിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 10 ലക്ഷം പുതിയ ഫോളോവേഴ്‌സാണ് എത്തിയത്.
വ്യാഴാഴ്ച രാത്രി 11.52-നാണ് നീറ്റ് പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി മോദി വീഡിയോ പങ്കുവെച്ചത്. നിലവിൽ ഇൻസ്റ്റഗ്രാമിൽ പ്രധാനമന്ത്രിയെ പിന്തുടരുന്നവരുടെ എണ്ണം 102 ദശലക്ഷമായി ഉയർന്നിട്ടുണ്ട്. ആദ്യ വീഡിയോയ്ക്ക് ലഭിച്ച പ്രതികരണങ്ങൾക്ക് നന്ദി അറിയിച്ച് തുടർച്ചയായ രണ്ടാം ദിവസവും പ്രധാനമന്ത്രി ഇൻസ്റ്റഗ്രാമിൽ എത്തി. “വീഡിയോയോട് നിങ്ങൾ നൽകിയ പ്രതികരണത്തിനും നിർദേശങ്ങൾക്കും നന്ദി. നിങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാകും,” എന്നായിരുന്നു മോദിയുടെ സന്ദേശം.
പ്രധാനമന്ത്രി ആദ്യമായാണ് ഫ്രണ്ട് ക്യാമറ ഉപയോഗിച്ച് സ്വയം ചിത്രീകരിച്ച സെൽഫി വീഡിയോയിലൂടെ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നത്. “ചോദ്യപേപ്പർ ചോർച്ച ഒരു സാധാരണ വിഷയം അല്ലെന്നും, ലക്ഷക്കണക്കിന് വിദ്യാർഥികളുടെയും കുടുംബങ്ങളുടെയും സ്വപ്നങ്ങളെ ബാധിക്കുന്ന കാര്യമാണെന്നും” വീഡിയോയിൽ മോദി പറഞ്ഞു. കഴിഞ്ഞ രണ്ടര മാസത്തിനിടെ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കുറ്റക്കാരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വീഡിയോയ്ക്ക് കോടിക്കണക്കിന് കാഴ്ചകൾ ലഭിച്ചതായും നിരവധി പേർ പ്രതികരണങ്ങൾ രേഖപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. ചോദ്യപേപ്പർ ചോർച്ച തടയാൻ കൂടുതൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമഭേദഗതികളും പരിഗണനയിലാണെന്നാണ് സൂചന.
അതേസമയം, ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവുമായി രംഗത്തുള്ള കോക്രോച്ച് ജനത പാർട്ടിയുമായുള്ള കേന്ദ്രസർക്കാരിന്റെ ചർച്ചയിൽ സമവായമായില്ലെന്നാണ് റിപ്പോർട്ടുകൾ. മന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന സിജെപി രാജ്യവ്യാപക പ്രതിഷേധങ്ങൾ ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, മറ്റ് ആവശ്യങ്ങൾ പരിഗണിക്കാൻ കേന്ദ്രം തയ്യാറാണെന്ന നിലപാടിലാണ്.
Summary: Prime Minister Narendra Modi’s selfie video addressing students over the NEET paper leak issue gained massive attention on Instagram, with his account gaining 1 million followers within 24 hours. The video received millions of views, while political tensions continued between the government and CJP over demands for Education Minister Dharmendra Pradhan’s resignation.


