തിരുവനന്തപുരം: സംസ്ഥാനം കനത്ത മഴക്കെടുതിയിലും ദുരന്തമുഖത്തും പകച്ചുനിൽക്കുമ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുൻമന്ത്രി വി. ശിവൻകുട്ടി. അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി പൊന്നാനിയിൽ യൂത്ത് ലീഗ് നേതാവിന്റെ വസതിയിലെ സൽക്കാരത്തിൽ പങ്കുചേരുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.(V Sivankutty Slams CM VD Satheesan Over Ponnani Banquet Visit Amid Rain Crisis)
ജനത ഒന്നാകെ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ വിഭവസമൃദ്ധമായ വിരുന്നുകളിൽ മുഴുകുന്ന മുഖ്യമന്ത്രിയുടെ നടപടി “റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന്” തുല്യമാണെന്ന് ശിവൻകുട്ടി കുറിച്ചു. ഈ വിഷയത്തിൽ കൂടുതൽ സി.പി.ഐ.എം എം.എൽ.എമാരും മുൻമന്ത്രിമാരും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. വി.ഡി. സതീശൻ പിണറായി വിജയനെ മാതൃകയാക്കാൻ തയ്യാറാകണമെന്നും വി. ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിൻ്റെ പൂർണ്ണരൂപം
നാട് ദുരന്തമുഖത്ത് പകച്ചുനിൽക്കുമ്പോൾ, ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഭരണാധികാരികളുടെ സന്നദ്ധതയും നിശ്ചയദാർഢ്യവുമാണ് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്ക് ആശ്വാസമാകേണ്ടത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ തലപ്പത്തിരിക്കുന്ന വ്യക്തിയെന്ന നിലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് മുഖ്യമന്ത്രി ഇപ്പോൾ ചെയ്യേണ്ടത്.
എന്നാൽ, അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി പൊന്നാനിയിൽ യൂത്ത് ലീഗ് നേതാവിന്റെ വസതിയിലെ സൽക്കാരത്തിൽ പങ്കുചേരുകയാണ് മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശൻ ചെയ്തത്. നാടൊട്ടുക്കും ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ വിഭവസമൃദ്ധമായ വിരുന്നുകളിൽ മുഴുകുന്ന മുഖ്യമന്ത്രിയുടെ നടപടി “റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന്” തുല്യമാണ്.
വ്യക്തിപരമായ സൽക്കാരങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതല്ല. മറ്റു പരിപാടികൾ മാറ്റിവെച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനുള്ള ആർജ്ജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടത്.
രണ്ടു മഹാപ്രളയങ്ങളും കോവിഡ് മഹാമാരിയും വന്നപ്പോൾ കേരളത്തെ മുന്നിൽ നിന്ന് നയിച്ച് ജനങ്ങൾക്ക് കരുത്തുപകർന്ന ക്യാപ്റ്റൻ ശ്രീ പിണറായി വിജയനെപ്പോലൊരു ഭരണാധികാരിയെ നാം കണ്ടതാണ്. ഇച്ഛാശക്തിയോടെ ഭരണം നടത്താൻ വി. ഡി. സതീശൻ പിണറായി വിജയനെ മാതൃകയാക്കാൻ തയ്യാറാകണം.
Story Summary
Former Minister V. Sivankutty heavily criticized Chief Minister V.D. Satheesan for attending a banquet in Ponnani during severe rain distress in the state, comparing his actions to “Nero playing the fiddle while Rome burned.” Sivankutty urged Satheesan to prioritize disaster relief and take inspiration from former CM Pinarayi Vijayan’s crisis management.


