തിരുവനന്തപുരം: രാജ്യത്ത് കാലവർഷക്കെടുതിയും മിന്നൽ പ്രളയവും നേരിടുന്ന ഏഴ് സംസ്ഥാനങ്ങൾക്ക് അടിയന്തര ധനസഹായമായി 2,117.85 കോടി രൂപ കേന്ദ്ര സർക്കാർ മുൻകൂറായി അനുവദിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽ നിന്നുള്ള കേന്ദ്ര വിഹിതമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചത്. എന്നാൽ, കനത്ത മഴയിലും മിന്നൽ പ്രളയത്തിലും എട്ട് പേർ കൊല്ലപ്പെടുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത കേരളം സഹായം ലഭിച്ച സംസ്ഥാനങ്ങളുടെ പട്ടികയിലില്ല.(Centre Releases SDRF Funds To Seven States Leaving Kerala Excluded Amid Severe Rain Damage)
ഹിമാചൽ പ്രദേശ്, ഒഡീഷ, അസം, ഗുജറാത്ത്, മഹാരാഷ്ട്ര, അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഫണ്ട് അനുവദിച്ചത്. അരുണാചൽ പ്രദേശിനും അസാമിനും അടിയന്തര നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്ര മന്ത്രാലയതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും ഒഡീഷയ്ക്കും 500 കോടി രൂപ വീതം ആദ്യ ഗഡുവായി ലഭിക്കും.
കേന്ദ്രസഹായ പട്ടികയിൽ ഉൾപ്പെടാത്ത കേരളത്തിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. മിന്നൽ പ്രളയത്തിൽ സംസ്ഥാനത്ത് 8 മരണങ്ങൾ സ്ഥിരീകരിച്ചു. 8 പേരെ കാണാതാവുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അതിശക്തമായ കാറ്റിലും മഴയിലും 27 വീടുകൾ പൂർണ്ണമായും 196 വീടുകൾ ഭാഗികമായും തകർന്നു.
സംസ്ഥാനത്തൊട്ടാകെ തുറന്ന 209 ക്യാമ്പുകളിലായി 5,792 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പേമാരി ഏറ്റവും കനത്ത നാശം വിതച്ച പത്തനംതിട്ടയിൽ മാത്രം 1,600 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. നിലവിൽ റാന്നി ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പതിയെ ഇറങ്ങിത്തുടങ്ങിയത് നേരിയ ആശ്വാസമേകുന്നുണ്ട്.
Story Summary
The Centre approved ₹2,117.85 crore in advance SDRF funds for seven flood-affected states, leaving out Kerala despite recent flash floods and severe rain damages. Kerala continues to reel under severe monsoon impact, recording eight deaths and relocating over 5,700 people to relief camps.


