ആടിനെ മോഷ്ടിച്ച് കാറിൽ കടത്തിയ മൂന്നംഗ സംഘം അറസ്റ്റിൽ
Sep 10, 2023, 20:27 IST

അടിമാലി: മുട്ടനാടിനെ മോഷ്ടിച്ച് കാറിൽ കടത്തിയ മൂവർസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ആനച്ചാൽ തട്ടാത്തിമുക്ക് മറ്റത്തിൽ റിനു (32), തോക്കുപാറ പുത്തൻപീടികയിൽ (വലിയപറമ്പിൽ) അബ്ദുൽ മജീദ് (38), ആമക്കണ്ടം പുത്തൻപുരക്കൽ അഭിലാഷ് (35) എന്നിവരെയാണ് വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഒമ്പതിന് മേരിലാൻഡിനുസമീപം ഈട്ടി സിറ്റിയിലാണ് സംഭവം നടന്നത്. ഈട്ടിസിറ്റി ഏത്തക്കാട്ട് (കൊച്ചറക്കൽ) ജയ്മോന്റെ ആടിനെയാണ് കടത്തിയത്. ആടിന്റെ വായിൽ പേപ്പർ ടേപ് ഒട്ടിച്ചശേഷമാണ് കടത്തിക്കൊണ്ടുപോയത്. പ്രതികൾ മറ്റൊരു പെണ്ണാടിനെ മോഷ്ടിക്കാനും ശ്രമിച്ചിരുന്നു.
ആട്ടിൻ കൂട്ടിൽനിന്ന് കരച്ചിൽകേട്ട് എത്തിയപ്പോൾ പെണ്ണാട് കൂടിന് വെളിയിൽ കിടക്കുകയായിരുന്നു. ടേപ് പതിച്ചിരുന്നതിനാൽ ശ്വാസം എടുക്കാനും കഴിഞ്ഞിരുന്നില്ല. ടേപ് മാറ്റി ആടിനെ രക്ഷിച്ചശേഷം നോക്കിയപ്പോഴാണ് മുട്ടനാട് മോഷ്ടിക്കപ്പെട്ട വിവരം അറിഞ്ഞത്. ഉടൻ ജയ്മോൻ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ച പുലർച്ച മോഷണസംഘത്തെ പിടികൂടുകയായിരുന്നു. തിരിച്ചു കിട്ടിയ ആടിനെ പൊലീസ് ഉടമയെ ഏൽപിച്ചു.
