തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള 'സെമി ഫൈനൽ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. കൊച്ചിയിൽ ആദ്യ ലീഡ് LDFന്. തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ ലീഡ് ഉയർത്തി.തലസ്ഥാന നഗരമായ തിരുവനന്തപുരം കോർപ്പറേഷനിലെ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ എൻഡിഎ ശ്രദ്ധേയമായ മുന്നേറ്റം നേടുന്നു. ആദ്യ റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൻഡിഎ ലീഡ് ഉയർത്തി.
എൻഡിഎ ലീഡ്: 8 സീറ്റുകളിൽ
എൽഡിഎഫ് ലീഡ്: 4 സീറ്റുകളിൽ
യുഡിഎഫ് ലീഡ്: 1 വാർഡിൽ മാത്രം
ശക്തമായ ത്രികോണ മത്സരം നടന്ന കോർപ്പറേഷനിൽ, തുടക്കത്തിൽ എൻഡിഎ ലീഡ് ഉയർത്തിയത് മുന്നണി പ്രവർത്തകർക്ക് ആവേശം നൽകുന്നുണ്ട്. മലപ്പുറത്ത് UDFന് മുന്നേറ്റം. തൃശൂരിൽ എൻ ഡി എയ്ക്ക് ലീഡ്. കവടിയാറിൽ KS ശബരീനാഥൻ മുന്നിലാണ്. പാലക്കാട് ആദ്യ ലീഡ് ബി ജെ പിക്കാണ്. ബ്ലോക്ക് തലം മുതൽ കോർപ്പറേഷൻ തലം വരെയുള്ള 244 വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ രാവിലെ 8 മണിക്ക് വോട്ടെണ്ണിത്തുടങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണൽ ആരംഭിച്ച് പതിനെട്ടാം മിനിറ്റിൽ തന്നെ ആദ്യ വിജയം എൽഡിഎഫിന്. പത്തനംതിട്ട ജില്ലയിലെ അടൂർ മുൻസിപ്പാലിറ്റിയിലെ ഒന്നാം വാർഡിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി വിജയം ഉറപ്പിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ ബിജു സാമുവൽ ആണ് ഇവിടെ വിജയിച്ചത്. കൗണ്ടിംഗ് തുടങ്ങി മിനിറ്റുകൾക്കകം തന്നെ ബിജു സാമുവൽ ഭൂരിപക്ഷം ഉറപ്പിക്കുകയായിരുന്നു. സംസ്ഥാനത്തെ വോട്ടെണ്ണലിൽ ആദ്യ ഫലം പ്രഖ്യാപിക്കപ്പെട്ട വാർഡുകളിലൊന്നാണിത്. ഈ വിജയം എൽഡിഎഫ് ക്യാമ്പിൽ ആവേശം വർദ്ധിപ്പിച്ചു. ലീഡ് നിലയും അന്തിമ ഫലവും തത്സമയം അറിയാനുള്ള ക്രമീകരണങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി.(Local body elections vote counting begins)
കോഴിക്കോട് ജില്ലയിലെ മരുതോങ്കര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയായ രവീന്ദ്രൻ മാസ്റ്റർ ആണ് ഇവിടെ തിളക്കമാർന്ന വിജയം നേടിയത്. അദ്ദേഹം 202 വോട്ടിന്റെ ശ്രദ്ധേയമായ ഭൂരിപക്ഷത്തിനാണ് എതിർ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. ഗ്രാമപഞ്ചായത്തിലെ ആദ്യ ഫലങ്ങളിൽ ഒന്നാണിത്. ഈ വിജയം എൽഡിഎഫ് പ്രവർത്തകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ യുഡിഎഫ് നേരിയ മുന്നേറ്റം നേടുന്നതായി സൂചന. ആകെയുള്ള വാർഡുകളിൽ എട്ട് ഇടങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുകയാണ്. യുഡിഎഫിന് പിന്നാലെ ശക്തമായ മത്സരം കാഴ്ചവെച്ച് എൽഡിഎഫ് തൊട്ടുപിന്നിലുണ്ട്.
യുഡിഎഫ് ലീഡ്: 8 ഇടങ്ങളിൽ, എൽഡിഎഫ് ലീഡ്: 4 ഇടങ്ങളിൽ. തുടക്കത്തിൽ ലീഡ് നില മാറിമറിയുന്ന സാഹചര്യമാണ് തൃശൂർ കോർപ്പറേഷനിൽ കാണുന്നത്. ഏതാനും വാർഡുകളിലെ വോട്ടെണ്ണൽ പൂർത്തിയാവുമ്പോൾ ചിത്രം വ്യക്തമാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ വെച്ച് നടക്കും. മുനിസിപ്പാലിറ്റി/കോർപ്പറേഷനുകളുടെ വോട്ടെണ്ണൽ അതത് സ്ഥാപനങ്ങളുടെ തലത്തിലുള്ള കേന്ദ്രങ്ങളിലായിരിക്കും. 14 ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് അതത് ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ കളക്ടറേറ്റുകളിൽ വെച്ചായിരിക്കും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റൽ ബാലറ്റുകൾ ബ്ലോക്ക് തലത്തിലെ വരണാധികാരിയുടെ ടേബിളിൽ എണ്ണും.
ആദ്യമായി വരണാധികാരിയുടെ ടേബിളിൽ പോസ്റ്റൽ ബാലറ്റുകളാണ് എണ്ണിത്തുടങ്ങിയത്. പോസ്റ്റൽ ബാലറ്റുകൾക്ക് പിന്നാലെ വോട്ടിങ് മെഷീനുകളിലെ (EVM) വോട്ടുകൾ എണ്ണിത്തുടങ്ങും. വോട്ടിങ് മെഷീനുകളിലെ കൺട്രോൾ യൂണിറ്റുകൾ മാത്രമാണ് സ്‌ട്രോങ്ങ് റൂമുകളിൽ നിന്നും കൗണ്ടിങ് ടേബിളുകളിലേക്ക് എത്തിക്കുക. വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകർ, സ്ഥാനാർഥികൾ, ഏജന്റുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും സ്‌ട്രോംഗ് റൂം തുറക്കുക.
വാർഡുകളുടെ ക്രമനമ്പർ അനുസരിച്ചായിരിക്കും കൺട്രോൾ യൂണിറ്റുകൾ ഓരോ കൗണ്ടിങ് ടേബിളിലും വയ്ക്കുക. ഒരു വാർഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളിലെയും മെഷീനുകൾ ഒരു ടേബിളിൾ തന്നെയായിരിക്കും എണ്ണുന്നത്. കൺട്രോൾ യൂണിറ്റുകളിലെ സീലുകളും സ്‌പെഷ്യൽ ടാഗുകളും കൃത്യമാണോ എന്ന് സ്ഥാനാർഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ വോട്ടെണ്ണൽ ആരംഭിക്കുകയുള്ളൂ.
കൺട്രോൾ യൂണിറ്റിൽ നിന്നും വോട്ടുവിവരങ്ങൾ ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളുടെ വോട്ടുനില, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ വോട്ടുവിവരം, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ വോട്ടുവിവരം എന്നീ ക്രമത്തിലായിരിക്കും ലഭിക്കുക. ഓരോ കൺട്രോൾ യൂണിറ്റിലെയും ഫലം കൗണ്ടിങ് സൂപ്പർവൈസർ രേഖപ്പെടുത്തി വരണാധികാരിക്ക് കൈമാറും. ഒരു വാർഡിലെ പോസ്റ്റൽ ബാലറ്റുകളും എല്ലാ ബൂത്തുകളിലെ വോട്ടുകളും എണ്ണിത്തീരുന്ന മുറയ്ക്ക് അതത് തലത്തിലെ വരണാധികാരി ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തും.
ഓരോ ബൂത്തും എണ്ണിത്തീരുന്ന മുറയ്ക്ക് വോട്ടുനില 'TREND' സോഫ്റ്റ്‌വെയറിൽ അപ് ലോഡ് ചെയ്യും. അതുവഴി ലീഡ് നിലയും ഫലവും പൊതുജനങ്ങൾക്ക് തത്സമയം അറിയാൻ സാധിക്കും.
വെബ്സൈറ്റുകൾ: https://trend.sec.kerala.gov.in
https://lbtrend.kerala.gov.in
https://trend.kerala.nic.in
സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തിൽ, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിങ്ങനെ തിരിച്ച് ഒറ്റ നോട്ടത്തിൽ വെബ്സൈറ്റിൽ ലഭ്യമാകും. ഓരോ തദ്ദേശസ്ഥാപനത്തിലെയും ലീഡ് നില വാർഡ് അടിസ്ഥാനത്തിൽ ഇതിലൂടെ അറിയാൻ സാധിക്കും. വോട്ടെണ്ണൽ വിവരങ്ങൾ മാധ്യമങ്ങൾക്ക് തത്സമയം ലഭ്യമാക്കുന്നതിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കൗണ്ടിങ് ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, ഇലക്ഷൻ ഏജന്റുമാർ, കൗണ്ടിംഗ് ഏജന്റുമാർ എന്നിവർക്ക് മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ.