കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നിലെ കാരണങ്ങൾ വിശദീകരിച്ച് വിധി പകർപ്പ് പുറത്ത്. ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയ കോടതി, തെളിവുകൾ അപര്യാപ്തമാണെന്ന് നിരീക്ഷിച്ചു. പ്രോസിക്യൂഷന്റെ വീഴ്ചകളെയും അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളിലെ പിഴവുകളെയും കോടതി രൂക്ഷമായി വിമർശിച്ചിട്ടുണ്ട്.(Dileep was acquitted because the prosecution failed to prove conspiracy)
കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയും ദിലീപും തമ്മിൽ ഗൂഢാലോചന നടത്തിയെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോടതിയുടെ പ്രധാന കണ്ടെത്തൽ. സമർപ്പിക്കപ്പെട്ട തെളിവുകൾ ഗൂഢാലോചന തെളിയിക്കാൻ പര്യാപ്തമല്ലെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷൻ 'മാസ്റ്റർ കോൺസ്പിറേറ്റർ' എന്ന് ആരോപിച്ച ദിലീപിനെതിരെ മതിയായ തെളിവുകൾ ഹാജരാക്കാനായില്ല.
ദിലീപിന്റെ വീട്ടിൽ വെച്ച് പൾസർ സുനിയുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണം തെളിയിക്കുന്നതിനുള്ള ഒരു തെളിവും പ്രോസിക്യൂഷൻ ഹാജരാക്കിയില്ല. ദിലീപിന്റെ വീടിന് സമീപം പൾസർ സുനിയെ കണ്ടെന്ന മേക്കപ്പ് ആർട്ടിസ്റ്റിന്റെ മൊഴി ഗൂഢാലോചനയുടെ ഭാഗമായി കാണാൻ സാധിക്കില്ല. കൂടാതെ, ഒന്നാം പ്രതിയും ചലച്ചിത്രപ്രവർത്തകൻ ആയതുകൊണ്ട് തന്നെ ദിലീപിന്റെ പല സിനിമാ സെറ്റുകളിലും സുനിയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നത് ഗൂഢാലോചന തെളിയിക്കുന്നതിനുള്ള ആധികാരികമായ തെളിവായി പരിഗണിക്കാനാവില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.
ദിലീപിന്റെ അറസ്റ്റ് ചെയ്തതിൽ അന്ന് തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്റെ അറസ്റ്റ്. എന്നാൽ, അറസ്റ്റിന് കാരണമായ ആരോപണങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപ് മൂന്ന് സ്ഥലങ്ങളിൽ വെച്ച് പണം നൽകി എന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ കോടതി പൂർണമായും നിരാകരിച്ചു. വാക്കുകൾക്ക് അപ്പുറത്തേക്ക് ഗൂഢാലോചനയുമായി ബന്ധപ്പെട്ട ഒരു ഡിജിറ്റൽ തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല.
വിധി പകർപ്പിൽ അന്വേഷണസംഘത്തിന്റെ വീഴ്ചകൾ കോടതി എടുത്തുപറഞ്ഞിട്ടുണ്ട്. ഗൂഢാലോചന നടന്നത് 2013-ലാണ് എന്ന് പറയുമ്പോൾ കുറ്റകൃത്യം നടന്ന 2017-മായി താരതമ്യം ചെയ്യുമ്പോൾ നാല് വർഷത്തെ കാലയളവിലെ വ്യത്യാസം കോടതി ചൂണ്ടിക്കാട്ടി. ദിലീപ് അറസ്റ്റിന് ശേഷവും ഫോൺ ഉപയോഗിച്ചത് എങ്ങനെയെന്ന് തൃപ്തികരമായ വിശദീകരണം നൽകാൻ പോലീസിന് കഴിഞ്ഞില്ല. 'ദിലീപിനെ പൂട്ടണം' എന്ന വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ ദിലീപിന് പങ്കുണ്ടെന്ന് തെളിയിക്കാനും പ്രോസിക്യൂഷന് സാധിച്ചില്ല. 2013 മുതൽ 2017 വരെയുള്ള കാലയളവിൽ വിവിധ കേസുകളിൽ സുനി എവിടെയായിരുന്നു എന്ന് കൃത്യമായി ട്രാക്ക് ചെയ്യാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നും കോടതി വിമർശിച്ചു. ഗൂഢാലോചന ആരോപിക്കുമ്പോൾ പ്രതിയുടെ നീക്കങ്ങൾ വിശദമായി അന്വേഷിക്കണമായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. വിധി പകർപ്പിലെ ഏകദേശം 300 പേജുകളിലാണ് ദിലീപിനെ എന്തുകൊണ്ട് കുറ്റവിമുക്തനാക്കി എന്ന് കോടതി വിശദീകരിക്കുന്നത്.