തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിലും ലോഡ്‌ഷെഡിംഗിലും സർക്കാരിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ബിജു പ്രഭാകർ. വൈദ്യുതി നിയന്ത്രണം എന്നത് പ്രൊഫഷണൽ എൻജിനീയർമാർ കൈകാര്യം ചെയ്യേണ്ട കാര്യമാണെന്നും, ജനങ്ങൾ അറിയാതെ തന്നെ പവർകട്ട് ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(There is no point in blaming the government for load shedding, Biju Prabhakar at book launch event)
കെഎസ്ഇബി ചെയർമാനായിരുന്ന കാലത്തെ അനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു ബിജു പ്രഭാകറിന്റെ പരാമർശം. ആരും അറിയാതെ നമുക്ക് പവർകട്ട് ചെയ്യാം. താൻ ചെയർമാനായിരുന്നപ്പോൾ അങ്ങനെ ചെയ്തിട്ടുണ്ട്. 2200 മെഗാവാട്ട് ഹൈഡ്രോ പ്രോജക്ട് നമുക്കുണ്ടെങ്കിലും മഴക്കാലത്ത് എത്രയെണ്ണം കൃത്യമായി പ്രവർത്തിക്കുന്നുണ്ട് എന്ന് അദ്ദേഹം ചോദിച്ചു.
വൈദ്യുതി മന്ത്രിയോട് വലിയ ബഹുമാനമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, പദ്ധതികൾ കമ്മീഷൻ ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ഇനിയെങ്കിലും വേഗതയുണ്ടാകണമെന്നും ഓർമ്മിപ്പിച്ചു.

