രോഗിയെ സന്ദർശിക്കുന്നതിനിടെ മാലമോഷണം; സ്ത്രീ അറസ്റ്റിൽ
Fri, 17 Mar 2023

കയ്പമംഗലം: മാല മോഷണ കേസിലെ പ്രതിയെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കൂളിമുട്ടം എമ്മാട് സ്വദേശി പുത്തൻകാട്ടിൽ ശശിലതയെയാണ് (50) കയ്പമംഗലം എസ്.എച്ച്.ഒ കെ.എസ്. സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്. പെരിഞ്ഞനം പുന്നക്കപറമ്പിൽ സായൂജ്യനാഥന്റെ ഭാര്യ വാസന്തിയുടെ അഞ്ച് പവന്റെ മാലയാണ് പ്രതി കവർന്നത്. കഴിഞ്ഞവർഷം ഡിസംബർ 18നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അസുഖ ബാധിതയായി കിടക്കുന്ന വാസന്തിയെ കാണാനെത്തിയ ശശിലത തന്ത്രപരമായി കഴുത്തിൽ കിടന്നിരുന്ന സ്വർണമാല കവർന്നെടുക്കുകയായിരുന്നു. കൊടുങ്ങല്ലൂരിലുള്ള ജ്വല്ലറിയിൽ കൊണ്ടുപോയി സ്വർണാഭരണം മാറ്റി വാങ്ങുകയും ചെയ്തു. എസ്.ഐമാരായ കൃഷ്ണ പ്രസാദ്, മുഹമ്മദ് റാഫി, സീനിയർ സി.പി.ഒ വിജയശ്രീ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.